വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ കൊലപാതകം: പ്രതി അജാസിന് വെട്ടാന്‍ പരിശീലനം ലഭിച്ചതായി സംശയം
ആലപ്പുഴ: വനിതാ സിവില്‍ പോലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അജാസിന്റെ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നു. സംഭവശേഷം പൊള്ളലേറ്റ് മരണമടഞ്ഞ അജാസിന്റെ ജീവിത പശ്ചാത്തലമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. പരിശീലനം ലഭിച്ച കൊലയാളികളുടേതിന് സമാനമായ വെട്ടാണ് സംശയത്തിന്റെ നിഴല്‍ നീളാന്‍ കാരണം.
സൗമ്യയുടെ കഴുത്തിനേറ്റത് പതിമൂന്ന് സെന്റി മീറ്റര്‍ നീളത്തിലുള്ള മുറിവാണ്. തുടര്‍ന്ന് നെഞ്ചിലും ആഴത്തില്‍ വെട്ടിയിരുന്നു. വ്യക്തമായ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ പിടിവലിക്കിടെ ഇത്ര കൃത്യതയോടെ വെട്ടിവീഴ്ത്താന്‍ കഴിയൂ എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. അജാസിന് തീവ്രവാദ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസിന് സമാനരീതിയിലാണ് സൗമ്യയ്ക്കും വെട്ടേറ്റിരിക്കുന്നത്. എന്നാല്‍ ഈ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.