25.4 C
Kottayam
Friday, May 17, 2024

സൂരജിന് ചെറുപ്രായം മുതലേ ജന്തുസ്‌നേഹമുണ്ടായിരിന്നു; അതുകൊണ്ടാണ് പാമ്പിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സംശയം തോന്നാതിരുന്നതെന്ന് അമ്മയുടെ മൊഴി

Must read

കൊല്ലം: കൊല്ലപ്പെട്ട ഉത്രയുടെ ഭര്‍ത്താവും ഉത്രവധക്കേസിനെ പ്രതിയുമായ സൂരജിന് ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ള ആളായിരുന്നുവെന്ന് അമ്മയുടെ മൊഴി. ഉത്രവധക്കേസില്‍ നേരിട്ട് പങ്കുണ്ടോ എന്നറിയാന്‍ സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും പത്തുമണിക്കൂറോളം അന്വേഷണസംഘം ചോദ്യംചെയ്തു. സൂരജിനെയും ഇവര്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്തു.

മുന്‍പു നല്‍കിയ മൊഴികളില്‍ എല്ലാവരും ഉറച്ചു നിന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉത്രയുടെ വീട്ടുകാര്‍ സൂരജിന് വിവാഹത്തിന് നല്‍കിയിരുന്ന സ്വര്‍ണമാല തിരികെനല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രേണുക മാല പോലീസിനെ ഏല്‍പ്പിച്ചു. ഇതുകൂടിയാകുമ്പോള്‍ ഉത്രയുടെ 90 പവന്‍ സ്വര്‍ണത്തിന്റെ കണക്ക് ഒത്തുവരുമെന്ന് പോലീസ് പറയുന്നു.

സൂരജ് അറസ്റ്റിലാകുന്നതിനുമുന്‍പാണ് മാല രേണുകയെ ഏല്‍പ്പിച്ചത്. ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. ചെറുപ്രായം മുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവും ഉള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി. ഏറ്റവും അടുപ്പമുണ്ടായിരുന്നവരോടുപോലും ഇവര്‍ വീട്ടില്‍ അണലിയെ കണ്ടവിവരം മറച്ചുവയ്ക്കുകയും ഉത്രയെ കടിച്ചത് ചേരയാണെന്ന് പറയുകയും ചെയ്തുവെന്നതിന് പോലീസിന് തെളിവു ലഭിച്ചിട്ടുണ്ട്.

ഉത്രയെ അവഹേളിച്ചിരുന്നുവെന്നതിന് സാക്ഷിമൊഴിയും ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികള്‍ ഉറപ്പിച്ചശേഷം ഗൂഢാലോചനയുടെ അന്വേഷണത്തിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ഗൂഢാലോചനയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് കണ്ടെത്തുന്നതിനാണ് റൂറല്‍ എസ്.പി. ഹരിശങ്കറും ഡിവൈ.എസ്.പി. അശോകനും ഉള്‍പ്പെട്ട സംഘം ചോദ്യംചെയ്തത്. എന്നാല്‍, കൊലപാതക ഗൂഢാലോചനയില്‍ ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളും മൊഴികളും ലഭിക്കാത്തതിനാല്‍ ഇരുവരെയും തത്കാലം വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week