നയന്‍താരയുടെ മറ്റൊരു മുഖം,ഫോണ്‍ വിളിച്ചപ്പോഴുള്ള പ്രതികരണം..കേട്ടാലും കേട്ടില്ലെങ്കിലും പറയും,അനുഭവം പങ്കുവെച്ച് സോനാ നായര്‍
കൊച്ചി:മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സോന നായർ. നരൻ, കസ്തൂരിമാൻ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ സിനിമകളിൽ സോന നായർ ചെയ്ത വേഷവും ശ്രദ്ധിക്കപ്പെട്ടു. സത്യൻ അന്തിക്കാടിന്റെ ഒട്ടുമിക്ക ചിത്രങ്ങളിൽ സോനാ നായരും ഭാഗമായി.
മൈൽസ്സ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് കരിയറിൽ മറക്കാൻ പറ്റാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് സോന നായർ. നയൻതാരയെക്കുറിച്ചാണ് സോന മനസ് തുറന്നിരിക്കുന്നത്. നയൻതാര ആദ്യമായി അഭിനയിച്ച മനസ്സിനക്കരെ എന്ന സിനിമയിൽ സോനയുംഅഭിനയിച്ചിരുന്നു. താരമായി വളർന്ന ശേഷം നയൻതാരയെ വിളിച്ചതിനെക്കുറിച്ചാണ് സോന തുറന്നു പറഞ്ഞിരിക്കുന്നത്.
സോന നായരുടെ വാക്കുകൾ:
മനസ്സിനക്കരെ സിനിമയിൽ ഷീലാമ്മയുടെ മകളായി അഭിനയിച്ചതിൽ വളരെ സന്തോഷമുണ്ട്. നയൻതാരയുടെ ആദ്യ സിനിമയാണ്. ഇടയ്ക്ക് നയൻതാരയുമായി ഫോണിൽ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരത്ത് ഷൂട്ടിന് വന്ന സമയത്താണ്. എന്റെ ഭർത്താവ് അതിൽ ക്യാമറ വർക്ക് ചെയ്ത സമയത്ത് അദ്ദേഹമാണ് വിളിച്ച് തരുന്നത്.
അന്ന് നയൻതാര പീക്കിൽ നിൽക്കുന്ന സമയമാണ്. ഇപ്പോഴും അതെ. ഞാൻ സോന നായരാണെന്ന് പറഞ്ഞപ്പോൾ ചേച്ചീയെന്ന്. എന്നെ അറിയുമോ എന്ന് ചോദിച്ചപ്പോൾ എന്റെ പൊന്ന് ചേച്ചീ എന്താണിങ്ങനെ ചോദിക്കുന്നതെന്ന്. ഞാൻ സത്യം പറഞ്ഞാൽ സംത്ഭിച്ച് പോയി.
ഞാൻ വിചാരിച്ചത് പറയൂ ചേച്ചീ, എന്താണ്, ഒപ്പം വർക്ക് ചെയ്തിട്ടുണ്ടല്ലേ നമ്മൾ.. എന്ന രീതിയിൽ സംസാരിക്കുമെന്നാണ്. ഞാൻ വേറൊരു ഷൂട്ടിൽ നിൽക്കുകയായിരുന്നു. എനിക്ക് പിന്നെ കോൺസൺട്രേഷൻ കിട്ടുന്നില്ല. നയൻതാര കേട്ടാലും കേട്ടില്ലെങ്കിലും പറയുകയാണ്. ഇങ്ങനെ ആയിരിക്കണം ആക്ടേർസ്.
നയൻതാര മലയാളത്തിൽ നിൽക്കുമെന്ന് കരുതി. നല്ല ഭംഗിയല്ലേ കാണാൻ. നയൻതാരയ്ക്ക് ഇപ്പോൾ വേറൊരു മുഖമാണ്. അന്നങ്ങനെ അല്ല. നല്ല സുന്ദരിയായിരുന്നു. ഇപ്പോഴും ആണ്. എന്റെ ഭർത്താവൊക്കെ നയൻതാരയുടെ ഭയങ്കര ഫാനാണ്. അന്ന് ഞാൻ വിചാരിച്ചത് മലയാളത്തിൽ കുറേ പടങ്ങൾ ചെയ്യുമെന്നാണ്. പക്ഷെ മലയാളത്തിന് നഷ്ടമായിപ്പോയി,’ – സോന നായർ പറഞ്ഞു.
സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് നയൻതാര. മലയാളത്തിൽ സജീവമായെങ്കിലും നയൻതാര തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറി. നാട്ടുരാജാവ്, രാപ്പകൽ, വിസ്മയത്തുമ്പത്ത് തുടങ്ങി ചുരുക്കം മലയാള സിനിമകളിൽ അഭിനയിച്ചെങ്കിലും നടിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത് തമിഴകത്തേക്ക് കടന്ന ശേഷമാണ്.