കാസര്‍ഗോഡ്: കേരളത്തില്‍ പൂര്‍ണ്ണവലയ സൂര്യഗ്രഹണം ദൃശ്യമായി. കാസര്‍ഗോഡ് ചെറുവത്തൂരിലായിരുന്നു വിസ്മയ പ്രതിഭാസം ആദ്യം ഏറ്റവും വ്യക്തവും ഭംഗിയുമായി കാണാന്‍ കഴിഞ്ഞത്. തൃശൂര്‍, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും ഗ്രഹണം വ്യക്തമായി. രാവിലെ 8.30 യോടെയാണ് ഗ്രഹണം തുടങ്ങിയത്. പൂര്‍ണ്ണ വലയ സൂര്യഗ്രഹണം നാലു മിനിറ്റ് മാത്രം നീണ്ടു നിന്നു.
അയ്യായിരത്തോളം പേരാണ് ചെറുവത്തൂറില്‍ എത്തിയത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറച്ച് ഡയമണ്ട് റിംഗ് പ്രത്യക്ഷപ്പെട്ടതോടെ രാവിലെ 9.30 യ്ക്ക് തന്നെ ഇരുട്ട് പരന്ന് സന്ധ്യയായ പ്രതീതിയായിരുന്നു. 11.10 വരെ ഗ്രഹണം തുടര്‍ന്നു. തെക്കന്‍ ജില്ലകളില്‍ ഭാഗികമായിട്ടായിരുന്നു ദൃശ്യം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണരുത് എന്ന് ശാസ്ത്രലോകം നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മിക്കയിടത്തും പ്രത്യേക കണ്ണടയും മറ്റും ഒരുക്കിയായിരുന്നു വിസ്മയത്തെ വരവേറ്റത്.