തിരുവനന്തപുരം: നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് തന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയറ്റര്‍ സമുച്ചയത്തിന് (Ariesplex SL Cinemas) പുതിയ റിലീസുകള്‍ ലഭിക്കുന്നില്ലെന്ന് ഉടമ സോഹന്‍ റോയ് (Sohan Roy). ഒരു ജീവനക്കാരന്‍ തിയറ്റര്‍ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഒരു സിനിമയ്ക്കെതിരെ സംസാരിച്ചതിന്‍റെ പേരിലാണ് ഇതെന്നും ചെറിയ കാര്യങ്ങളുടെ പേരില്‍ തിയറ്ററിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുന്നത് പ്രയാസകരമാണെന്നും സോഹന്‍ റോയ് വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. അതിനാലാണ് ഏരീസ് പ്ലെക്സ് അടയ്ക്കാന്‍ തീരുമാനിച്ചതെന്നും.
കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ഒരു മലയാളചിത്രത്തെക്കുറിച്ച് ഏരീസിന്‍റെ മാനേജര്‍ ഒരു വാട്‍സ്ആപ്പ് ഗ്രൂപ്പില്‍ പറഞ്ഞ കാര്യങ്ങളാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെയടക്കം ചൊടിപ്പിച്ചത്. തിയറ്റര്‍ ഉടമകളുടെ സംഘടനയുടെ വാട്‍സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ഈ സന്ദേശം ആദ്യം പങ്കുവച്ചതെങ്കിലും അത് പല സിനിമാ ഗ്രൂപ്പുകളിലേക്കും പ്രചരിച്ചു. തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാവും വിതരണക്കാരനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി ഉന്നയിച്ചു. ഇക്കാര്യത്തില്‍ സോഹന്‍ റോയിയോട് വിശദീകരണം ചോദിക്കുക മാത്രമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ചെയ്‍തതെന്നും അതിനായി ഒരു കത്ത് അയക്കുകയായിരുന്നെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് കല്ലിയൂര്‍ ശശി പറഞ്ഞു. അതേസമയം ആ കത്ത് പുറത്ത് പ്രചരിച്ചതില്‍ സംഘടനയ്ക്കുള്ളില്‍ അതൃപ്‍തിയുണ്ട്.
എന്നാല്‍ തങ്ങളുടെ മാനേജര്‍ക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്ന് സോഹന്‍ റോയ് പറയുന്നു. “ചിത്രത്തിന്‍റെ നിര്‍മ്മാതാവിനോട് കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അദ്ദേഹത്തിന് പരാതിയില്ല എന്ന കാര്യം അസോസിയേഷനെ അറിയിക്കുകയുണ്ടായി. എന്നാല്‍ അന്നു വൈകിട്ടു തന്നെ ഏരീസ് പ്ലെക്സിന് ഇനി ചിത്രങ്ങള്‍ കൊടുക്കേണ്ട എന്ന തീരുമാനം ഉണ്ടാവുകയും ടിക്കറ്റ് വരെ കൊടുത്ത ചിത്രം പിന്‍വലിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്‍തു. നിരോധനം നിലനില്‍ക്കുന്നു. ചെറിയ കാര്യങ്ങളുടെ പേരില്‍ ഒരു സ്ഥാപനം ഇടയ്ക്കിടെ നിര്‍ത്താനാവില്ല. കൊവിഡ് കാലത്ത് അടച്ചിട്ടപ്പോള്‍ പ്രതിമാസം 25 ലക്ഷം രൂപയായിരുന്നു ഞങ്ങളുടെ നഷ്‍ടം. ഇംഗ്ലീഷ് സിനിമകള്‍ മാത്രം കാണിച്ച് മുന്നോട്ടുപോകാന്‍ സാധ്യമല്ല. മോശം അനുഭവങ്ങളുടെ പേരില്‍ ഇനി മുന്നോട്ട് പോവേണ്ട, പ്രവര്‍ത്തനം നിര്‍ത്താം എന്ന തീരുമാനത്തിലേക്ക് മാനേജ്മെന്‍റ് എത്തുകയായിരുന്നു. മറ്റാര്‍ക്കെങ്കിലും ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ചെയ്യാം. പക്ഷേ ഞങ്ങള്‍ക്ക് ഇനി പറ്റില്ല. അതുകൊണ്ടാണ് തിയറ്റര്‍ അടയ്ക്കുവാന്‍ തീരുമാനിച്ചത്”, സോഹന്‍ റോയ് പറയുന്നു. എന്നാല്‍ സിനിമകളുടെ റിലീസിംഗില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പങ്കൊന്നുമില്ലെന്നും അത് വിതരണക്കാരുടെ തീരുമാനമാണെന്നും പറയുന്നു കല്ലിയൂര്‍ ശശി.
അതേസമയം ആരോപണവിധേയനായ മാനേജരെ ഏരീസിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഇന്‍ചാര്‍ജ് സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിച്ച കാര്യം അറിയിച്ചുകൊണ്ട് സോഹന്‍ റോയ് തങ്ങള്‍ക്ക് ഒരു മെയില്‍ ഇന്ന് അയച്ചിട്ടുണ്ടെന്നും അത് പരിശോധിക്കുകയാണെന്നും കല്ലിയൂര്‍ ശശി പറയുന്നു. സംഘടനയുടെ അടുത്ത യോഗം ഉടന്‍ ഉണ്ടാവുമെന്നും അതില്‍ ഈ വിഷയം സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു.