NationalNews

കെസിആറിനെതിരേ പരാതി നൽകിയ സാമൂഹികപ്രവർത്തകൻ കൊല്ലപ്പെട്ടു; കോടതി കേസ് പരിഗണിക്കാനിരിക്കെ അരുംകൊല

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിനും (കെ.സി.ആർ) അദ്ദേഹത്തിന്റെ അനന്തരവനും മുൻ മന്ത്രിയുമായ ഹരീഷ് റാവുവിനും എതിരെ കേസ് നൽകിയ സാമൂഹിക പ്രവർത്തകൻ കൊല്ലപ്പെട്ടു. നാ​ഗവെല്ലി രാജലിം​ഗ മൂർത്തി(49) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മൂർത്തിയെ ഒരുസംഘം കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതികളിൽ രണ്ടുപേരെ തിരിച്ചറിഞ്ഞതായി ഭൂപാലപള്ളി പോലീസ് സൂപ്രണ്ട് കിരൺ ഖരെ പറഞ്ഞു.

‘സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത് എന്നാണ് പ്രാഥമിക നി​ഗമനം. എന്നാൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിക്കുന്നത്. കൊലപാതക ലക്ഷ്യത്തെ കുറിച്ച് കുടുംബാം​ഗങ്ങൾ സംശയം ഉന്നയിച്ചിട്ടുണ്ട്’, എസ്.പി. വ്യക്തമാക്കി. അഞ്ചുപേർക്കെതിരേയാണ് പോലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

കാളേശ്വരം ജലസേചന പദ്ധതിയുടെ ഭാ​ഗമായുള്ള അണക്കെട്ട് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി 2023-ൽ നാ​ഗവെല്ലി രാജലിം​ഗ മൂർത്തി പരാതി നൽകിയിരുന്നു. കെ.സി.ആർ, ഹരീഷ് റാവു, മുതിർന്ന ഉദ്യോ​ഗസ്ഥർ എന്നിവർ കോടികൾ ദുരുപയോ​ഗം ചെയ്തുവെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആദ്യം ഭൂപാലപള്ളി പോലീസിൽ പരാതി നൽകിയെങ്കിലും അവർ അത് സ്വീകരിച്ചില്ല. തുടർ‌ന്ന് ഇദ്ദേഹം പ്രദേശിക കോടതിയെ സമീപിക്കുകയായിരുന്നു.

തുടർന്ന്, കെ.സി.ആർ ഉൾപ്പടെയുള്ള പ്രതികൾക്ക് കോടതി നോട്ടീസയച്ചു. 2024 ഡിസംബറിൽ കെ.സി.ആറും ഹരീഷ് റാവുവും കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി പ​രി​ഗണിക്കുന്നതിന് തലേദിവസമാണ് പരാതിക്കാരനായ നാ​ഗവെല്ലി രാജലിം​ഗ മൂർത്തി കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. 2014 മുതൽ 2023 വരെ ചന്ദ്രശേഖര റാവു ആയിരുന്നു തെലങ്കാന മുഖ്യമന്ത്രി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker