കൊച്ചി: എറണാകുളത്ത് സ്ഥിതിഗതികള്‍ രൂക്ഷമെന്നും ജില്ല സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്റെ സാഹചര്യത്തിലാണ് ഐ.എം.എയുടെ വിശദീകരണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാവുന്ന സ്ഥിതിയെന്ന് സംഘടനാ പ്രസിഡന്റ് ഡോ എബ്രാഹാം വര്‍ഗീസ് പറഞ്ഞു. ചെല്ലാനം നിയന്ത്രണ വിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് ബാധിതര്‍ക്ക് രോഗ ലക്ഷണങ്ങളില്ലാത്തത് ആശങ്കാജനകമാണ്. ഉറവിടം അറിയാത്ത കേസുകള്‍ കൂടുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ അവിടെയത്തി പോസിറ്റീവാകുന്നുവെന്നതും സമൂഹ വ്യാപനം നടന്നുവെന്നാണ് കാണിക്കുന്നത്.
കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിക്കണമെന്നും ഐഎംഎ പറഞ്ഞു. ഇപ്പോള്‍ തിരുവനന്തപുരം- എറണാകുളം മേഖലയിലാണ് കൊവിഡ് ഭീഷണിയുള്ളത്. നേരത്തെയത് ഉത്തര കേരളത്തിലായിരുന്നുവെന്നും ഐഎംഎ പ്രസിഡന്റ് അറിയിച്ചു.