ഓമനക്കുട്ടനോട് മാപ്പ് പറയണം; മന്ത്രി ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുകളുടെ പ്രവാഹം
കോട്ടയം: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടനെ വിമര്‍ശിച്ച മന്ത്രി ജി സുധാകരന്‍ മാപ്പു പറയണമെന്ന് സോഷ്യല്‍ മീഡിയ. മന്ത്രിയായാലും എം.എല്‍.എ ആയാലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഫേസ്ബുക്കില്‍ കമന്റുകള്‍ വന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ മഴക്കെടുതിയുണ്ടായാല്‍ ഏറ്റവും ആദ്യം വെള്ളം കയറുവാന്‍ സാധ്യതയുള്ള 11 പ്രധാനപ്പെട്ട സ്ഥലങ്ങളെ അടയാളപ്പെടുത്തിയ എവിക്വേഷന്‍ പ്ലാന്‍ കളക്ടര്‍ വിശദീകരിച്ചുവെന്ന പോസ്റ്റിന് താഴെയാണ് കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഐഎം പ്രാദേശിക നേതാവ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം വന്നതിന് പിന്നാലെ സംഭവത്തില്‍ ഓമനക്കുട്ടന് വീഴ്ച്ച പറ്റിയെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞിരുന്നു. ഓമനക്കുട്ടനെതിരെ നിയമപരമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്നലെയാണ് ഓമനക്കുട്ടന്‍ പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ തുടര്‍ന്ന് ഓമനക്കുട്ടനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്യുകയും ഓമനക്കുട്ടനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ ഓമനക്കുട്ടന്റെ നിരപരാധിത്വം തെളിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഓമനക്കുട്ടന്‍ വെറും 70 രൂപയാണ് പിരിച്ചതെന്നും ആ പണം ക്യാമ്പിലേക്ക് സാധനങ്ങള്‍ കൊണ്ടു വന്ന ഓട്ടോയ്ക്ക് കൂലി കൊടുക്കാനായിരുന്നുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ക്യാമ്പിലെ അന്തേവാസികള്‍ തന്നെയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.