‘പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’ വാളയാര്‍ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കാമ്പയിന്‍
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ കാമ്പയിന്‍. നിരവധിപേരാണ് വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ‘പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഞങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് നീതി വേണം’ എന്ന പോസ്റ്ററുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പ്രതികള്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന നിരീക്ഷണത്തില്‍ പാലക്കാട് ഒന്നാം അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി വാളയാര്‍ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടത്. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുന്നത് ആലോചിക്കാമെന്ന് മാത്രം സര്‍ക്കാര്‍ വിശദീകരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേസ് പുനരന്വേഷിക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നുമുള്ള ആവശ്യം ശക്തമാവുന്നത്.