'ആ തലക്കെട്ട് സത്യമാകാതിരിക്കാൻ പ്രാർഥിക്കാം'- ശ്രീവിദ്യ മുല്ലച്ചേരിക്കെതിരെ വിമർശനം

കൊച്ചി:നടിയും യുട്യൂബറുമായ ശ്രീവിദ്യ മുല്ലച്ചേരിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. വീഡിയോയ്ക്ക് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടും തമ്പ്‌നെയിലും നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ‘ഞാനും നന്ദുവും ഇപ്പോ ഒരുമിച്ചല്ല’ എന്ന തലക്കെട്ടും വിഷമിച്ചിരിക്കുന്ന തന്റെ ഒരു ചിത്രവും ചേര്‍ത്താണ് ശ്രീവിദ്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതോടെ ശ്രീവിദ്യയും ഭര്‍ത്താവ് രാഹുല്‍ രാമചന്ദ്രനും വേര്‍പിരിഞ്ഞു എന്ന തെറ്റിദ്ധാരണ വന്നുവെന്നും കൂടുതല്‍ ആളുകള്‍ വീഡിയോ കാണാന്‍ ഇത്തരം തലക്കെട്ടുകളും തമ്പ്‌നെയിലും നല്‍കിയത് അല്‍പം കടന്നുപോയെന്നും ആളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ചെയ്ത് ആളുകളെ പറ്റിക്കരുതെന്നും തലക്കെട്ടില്‍ പറഞ്ഞ കാര്യം സത്യമാകാതിരിക്കാന്‍ തങ്ങള്‍ പ്രാര്‍ഥിക്കാം എന്നുമെല്ലാം കമന്റുകളുണ്ട്.
യഥാര്‍ഥത്തില്‍ ജോലിത്തിരക്ക് കാരണമാണ് ഭര്‍ത്താവ് ശ്രീവിദ്യയുടെ കൂടെയില്ലാത്തത്. ഇക്കാര്യം അവര്‍ വ്‌ളോഗില്‍ പറയുന്നുണ്ട്. ‘എന്താണ് നിങ്ങള്‍ രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോ ഇടാത്തത് എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മറുപടിയാണ് പറയുന്നത്. 2025-ലെ ആദ്യത്തെ വീഡിയോയാണിത്. ഇങ്ങനെയൊരു വീഡിയോ ആകുമെന്ന് കരുതിയില്ല. ഭയങ്കര വിഷമത്തിലണ്. ഞങ്ങളുടെ ഹണിമൂണ്‍ സമയമാണിത്. പക്ഷേ നന്ദു കൂടെയില്ല എന്നത് ഒരുപാട് വിഷമമുണ്ടാക്കുന്നു. ഈ അവസ്ഥയിലൂടെ കടന്നുപോയേ പറ്റൂ.
ജോലി സംബന്ധമായും ഭാവി സംബന്ധിച്ചും ചില നിര്‍ണായക കാര്യങ്ങളുള്ളതുകൊണ്ടാണ് ഇങ്ങനെ മാറി നില്‍ക്കുന്നത്. ഇതിനിടയില്‍ പരസ്പരം മൂന്ന് ദിവസം മാത്രമാണ് കണ്ടിട്ടുള്ളത്. ഇതാണ് സത്യം. പുതിയ ഒരു വസ്ത്ര ബ്രാന്‍ഡ് ഞങ്ങള്‍ തുടങ്ങി. കാസര്‍കോട് ആണ് കടയുള്ളത്. ഒരുപാട് കാലത്തെ എന്റെ ആഗ്രഹമായിരുന്നു
ഇത്. ജനുവരി 12-നായിരുന്നു ഉദ്ഘാടനം. ജനുവരി 25-ന് നന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹവും സഫലമായി. സ്വന്തമായി ഒരു റസ്റ്ററന്റ് വേണമെന്നായിരുന്നു നന്ദുവിന്റെ ആഗ്രഹം. അങ്ങനെ തിരുവനന്തപുരത്ത് ഒരു ടേക്ക് എവേ കിച്ചണ്‍ തുടങ്ങി.’-വീഡിയോയില്‍ ശ്രീവിദ്യ പറയുന്നു.