ന്യൂനല്‍ഹി: സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയില്‍. സമാന ആവശ്യമുള്ള പൊതുതാല്‍പര്യഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്റെ ആവശ്യം പരിഗണിച്ചപ്പോഴാണ് തമിഴ്‌നാടിന് വേണ്ടി ഹാജരായ എ.ജി നിലപാട് വ്യക്തമാക്കിയത്. ഫേസ്ബുക്കിന്റെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും സാമൂഹ്യമാധ്യമങ്ങള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ട കോടതി, മൂന്ന് ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികള്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
സമൂഹമാധ്യമങ്ങളിലെ പ്രൊഫൈലുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളുടെ പരിഗണനയിലുള്ള പൊതുതാല്‍പര്യഹര്‍ജികളിലെ ആവശ്യം. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നും സുപ്രീംകോടതി തന്നെ ഈ ഹര്‍ജികള്‍ പരിഗണിക്കണമെന്നും ഫേസ്ബുക്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഫെയ്സ്ബുക്കിന്റെ വാദങ്ങളെ തമിഴ്‌നാടിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ എതിര്‍ത്തു. മദ്രാസ് ഹൈക്കോടതിയുടെ വിധി ഉടന്‍ വരാനിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റേണ്ടതില്ല.
സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളുടെ ഉറവിടം കണ്ടെത്താന്‍ നിലവില്‍ സംവിധാനമില്ല. ഫെയ്സ്ബുക്ക് തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. രാജ്യവിരുദ്ധവും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതുമായ പോസ്റ്റുകളുടെ വ്യാപനം തടയണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാനും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ടതുണ്ട്. പോസ്റ്റുകളുടെ ഉറവിടം കണ്ടത്തേണ്ടത് അനിവാര്യമാണ്. ബ്ലൂ വെയില്‍ ഗെയിം വരുത്തിയ മരണങ്ങളെയും എ.ജി ചൂണ്ടിക്കാട്ടി.