FeaturedKeralaNews

ശോഭ സുരേന്ദ്രന്‍ ബിജെപി വിടുന്നു?തരം താഴ്ത്തിയെന്ന് ശോഭ, ‘പൊതുരംഗത്ത് തുടരും’

കൊച്ചി:ബിജെപി നേതൃത്വത്തിനെതിരെ തിരിഞ്ഞ് മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍. ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന തലത്തിലേക്ക് താഴ്ത്തി. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് ആക്കിയതെന്നും ശോഭ ആരോപിച്ചു.ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ല. ആരുടേയും വിഴുപ്പലക്കാന്‍ ഇല്ല. പൊതു രംഗത്ത് തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ പുതിയ അധ്യക്ഷനും ഭാരവാഹികളും സ്ഥാനം ഏറ്റതോടെ പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള്‍ മാറി. പാര്‍ട്ടി കീഴ്വഴക്കങ്ങള്‍ ലംഗിച്ചു കൊണ്ടാണ് ദേശീയ നിര്‍വാഹക സമിതി അംഗമായ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് താഴ്ത്തിയതെന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് പൊതു രംഗത്ത് ഇപ്പോള്‍ പ്രത്യക്ഷ പെടാത്തത് എന്ന മധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരുന്നു ശോഭയുടെ മറുപടി.

പൊതു സമൂഹത്തിന് മുന്നില്‍ ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെന്നും ആരുടേയും വിഴുപ്പലക്കാന്‍ തയ്യാര്‍ അല്ലെന്നും ശോഭ സുരേന്ദ്രന്‍ കൂട്ടി ചേര്‍ത്തു. പാര്‍ട്ടിയിലെ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതും തന്റെ സ്ഥാന മാറ്റവും അതൃപ്തിയും എല്ലാം അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷന്‍ ആയതിനു പിന്നാലെ പാര്‍ട്ടിയില്‍ താഴെ തട്ട് മുതല്‍ ഉള്ള കൊഴിഞ്ഞു പോക്ക് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

അതേ സമയം പാര്‍ട്ടി തഴഞ്ഞോ എന്ന ചോദ്യത്തിന് മൗനം ആയിരുന്നു മറുപടി. പാര്‍ട്ടിയുടെ മുന്‍പന്തിയില്‍ ഇല്ലാതിരുന്നാലും പൊതു പ്രവര്‍ത്തന രംഗത്ത് എപ്പോഴും തുടരുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാകുന്നെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് ശേഷം ശോഭ സുരേന്ദ്രന്‍ ആദ്യമായാണ് പരസ്യ പ്രതികരണം നടത്തുന്നത്. നേരത്തെ മേഖലാ യോഗങ്ങളില്‍നിന്നും ശോഭ സുരേന്ദ്രനും എഎന്‍ രാധാകൃഷ്ണനും വിട്ടുനിന്നിരുന്നു. കെ സുരേന്ദനെ സംസ്ഥാനാധ്യക്ഷനാക്കിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നാണ് വിവരം.

ശോഭാ സുരേന്ദ്രന്‍ തൃശ്ശൂരില്‍ ഗ്രൂപ്പുയോഗം വിളിച്ചിരുന്നു. സംസ്ഥാന സമിതിയംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും ഭാരവാഹികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.കേരളത്തിലെ പാര്‍ട്ടി ചുമതലകളില്‍നിന്നും ശോഭ സുരേന്ദ്രനെ അകറ്റി നിര്‍ത്തുകയാണെങ്കിലും ദേശീയ ഭാരവാഹി പട്ടികയില്‍ ഇടം നല്‍കുമെന്നായിരുന്നു ശോഭയെ പിന്തുണയ്ക്കുന്നവരുടെ പ്രതീക്ഷ. എന്നാല്‍, ദേശീയ ഭാരവാഹിപ്പട്ടികയിലും ശോഭയെ പരിഗണിച്ചിട്ടില്ല.

സംസ്ഥാനസര്‍ക്കാരിനെതിരെ ശക്തമായ സമരങ്ങള്‍ നടന്ന സമയത്ത് ശോഭയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. ശോഭ സുരേന്ദ്രനെ പാര്‍ട്ടിയില്‍ കെ സുരേന്ദ്രന്‍ തഴയുകയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് ശോഭയെ ആരും ഒഴിവാക്കിയിട്ടില്ലെന്നും സജീവമാകാത്തതിന് കാരണം ശോഭയോട് തന്നെ ചോദിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

എന്നാല്‍ തന്നെ കെ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒതുക്കുകയാണെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ കേന്ദ്രമന്ത്രി വി മുരളീധരനാണെന്ന് ആരോപിച്ച് ശോഭ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ടെലിവിഷന്‍ ചര്‍ച്ചകളില്‍നിന്നും ശോഭ മാറി നില്‍ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker