NationalNews

കനത്ത മൂടൽമഞ്ഞിൽ വലഞ്ഞ് ഉത്തരേന്ത്യ, താറുമാറായി ട്രെയിൻ സർവീസ്; ട്രെയിനുകൾ വൈകിയോടുന്നു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് രാവിലെ ഉണ്ടായ കനത്ത മൂടൽമഞ്ഞിൽ 15 ട്രെയിനുകൾ വൈകിയോടി. മൂടൽമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞിരുന്നു. പ്രതികൂല സാഹചര്യമായതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റെയിൽവേ സേവനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്. 

പഥാൽക്കോട്ട് എക്സ്പ്രസ് (14623) ഏഴു മണിക്കൂറും ഉഞ്ചഹാർ എക്സ്പ്രസ് (14217)  മൂന്ന് മണിക്കൂറും വൈകിയോടി. കൂടാതെ ഖൈഫിയത് എക്സ്പ്രസ് (12225), മഹാബോധി എക്സ്പ്രസ് (12397) തുടങ്ങിയ ട്രെയിനുകൾ രണ്ട് മണിക്കൂറിലധികമാണ് വൈകിയത്. സമ്പർക്ക് ക്രാന്തി എക്സ്പ്രസ് (12393), ശ്രംജീവി എക്സ്പ്രസ് (12391), പത്മാവത് എക്സ്പ്രസ് (14207) എന്നീ ട്രെയിനുകൾ ഒരു മണിക്കൂറിലധികമാണ് വൈകിയോടിയത്. യശ്വന്ത്പൂർ ദൊറോന്തോ എക്സ്പ്രസ് (12213), ലക്നൗ മെയിൽ (12229) തുടങ്ങിയ ട്രെയിനുകൾക്ക് കാലതാമസം നേരിട്ടപ്പോഴാണ് സുഹൈൽ ദേവ് എക്സ്പ്രസ് (22419)  ഒരു മണിക്കൂർ വൈകിയത്.

പ്രതികൂല സാഹചര്യത്തിൽ സുരക്ഷാ പ്രൊട്ടൊക്കോളുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അവരുടെ ട്രെയിൻ സമയം ഉറപ്പാക്കണമെന്നും റെയിൽവേ അതോറിറ്റികൾ അറിയിച്ചു. തിങ്കളാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 7.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഇന്ദിര ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിരവധി വിമാനങ്ങളും വൈകിയിരുന്നു.

ഇന്നലെ ഡൽഹിയിലെ വായു ​ഗുണനിലവാര സൂചിക 216ൽ എത്തിയിരുന്നു. നാളെ മുതൽ അടുത്ത 5 ദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞുണ്ടാകുമെന്നും താപനില 7മുതൽ 11 ഡി​ഗ്രി സെൽഷ്യസ് വരെയെത്തുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker