പിതാവിനെതിരെ പരാതി നല്‍കാന്‍ ആറാം ക്ലാസുകാരി നടന്നത് പത്ത് കിലോമീറ്റര്‍!
ഭുവനേശ്വര്‍: സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് പകരമായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായം അച്ഛന്‍ കൈക്കലാക്കുന്നതിന് പരാതിയുമായി ആറാംക്ലാസുകാരി. പരാതി നല്‍കാനായി പത്ത് കിലോമീറ്ററാണ് പെണ്‍കുട്ടി നടന്നത്. ഒഡീഷയിലെ കേന്ദ്രപദയിലാണ് ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായത്. പെണ്‍കുട്ടിയുടെ പരാതി സ്വീകരിച്ച കളക്ടര്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.
പെണ്‍കുട്ടിക്ക് ലഭിച്ച ഭക്ഷ്യധാന്യവും പണവും അനധികൃതമായി പിതാവ് സ്വന്തമാക്കിയതിന് പിന്നാലെ ഇത് തിരിച്ച് പിടിച്ച് പെണ്‍കുട്ടിക്ക് നല്‍കാനും കളക്ടര്‍ സമര്‍ഥ് വര്‍മ നിര്‍ദേശം നല്‍കി. ലോക്ഡൗണ്‍ ആരംഭിച്ചത് മുതലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ട് രൂപ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായത്. ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണം നല്‍കിയിരുന്നത്.
തനിക്ക് സ്വന്തമായി അക്കൗണ്ട് ഉണ്ടായിരുന്നിട്ടും പിതാവിന്റെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയതെന്നും തന്റെ പേരില്‍ ഉള്ള ഭക്ഷ്യധാന്യം പിതാവ് സ്‌കൂളില്‍ നിന്നും വാങ്ങിയെന്നും പെണ്‍കുട്ടി ആരോപിച്ചു. കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യുകയും പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. പിന്നീട് അമ്മാവന്റെ കൂടെയാണ് പെണ്‍കുട്ടി താമസിച്ച് വന്നത്.