പൗരത്വനിയമം: ഇന്ത്യയെ കാത്തിരിയ്ക്കുന്നത് അന്താരാഷ്ട്ര തലത്തിലെ ഒറ്റപ്പെടല്‍: മുന്‍ സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡല്‍ഹി: പൗരത്വ നിയമം ഭേദഗതി ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍ മേനോന്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്താന്‍ കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന ആശയത്തെ തകിടംമറിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ അസഹിഷ്ണുതയുള്ള രാജ്യമായി കാണാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയെ കുറിച്ചുള്ള ലോകത്തിന്റെ ധാരണ മാറിയിരിക്കുകയാണ്. ഇന്ത്യയുടെ സൗഹൃദരാഷ്ട്രങ്ങള്‍ക്കുപോലും അഭിപ്രായം മാറിയിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ യാതൊരു പിന്തുണയും ഇന്ത്യക്ക് ലഭിക്കുന്നില്ല.
പൗരത്വ ഭേദഗതി നിയമം പോലുള്ള നീക്കങ്ങളിലൂടെ സ്വയം ഒറ്റപ്പെടാന്‍ തീരുമാനിച്ചിരിക്കുകയാണ് നമ്മള്‍. ഇത് ഒരു തരത്തിലും നല്ലതാവില്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെ എതിരാളികള്‍ക്ക് ഇന്ത്യയെ വിമര്‍ശിക്കാനുള്ള പ്ലാറ്റ്ഫോം ആണ് ഒരുക്കിയത്.
വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതിനെയും ശിവശങ്കര്‍ മേനോന്‍ വിമര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത് ഇന്ത്യയുടെ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് പകരം റദ്ദാക്കാനുള്ള തീരുമാനം നല്ലതായില്ല അദ്ദേഹം പറഞ്ഞു.