ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചത് കോപ്പിയടിക്കാന്‍ തന്നെ; ഒടുവില്‍ കുറ്റസമ്മതം നടത്തി ശിവരഞ്ജിത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത് താന്‍ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചിരുന്നുവെന്ന് പോലീസിനോട് സമ്മതിച്ചു. കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ് മോഷണം നടത്തിയതെന്നും കോപ്പിയടിയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പോലീസ് പറഞ്ഞു. ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ പ്രതി ശിവരഞ്ജിത്തിനെ ഇന്നു രാവിലെ കോളേജിലെത്തിച്ചു തെളിവെടുത്തിരുന്നു.
നേരത്തെ ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും പോലീസ് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തിരുന്നു. പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശിവരഞ്ജിതിന്റെ നേട്ടവും അന്വേഷണത്തിന്റെ പരിധിയിലാണ്. അതേസമയം, ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും തുറന്ന യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും പോലീസിനെ പുറത്താക്കി.