സഭ നീതിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര; ലൂസിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ജനകീയ കൂട്ടയ്മ സംഘടിപ്പിച്ചു
കൊച്ചി: എഫ്സിസി സന്യാസി സഭ അച്ചടക്ക നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എറണാകുളം വഞ്ചി സ്‌ക്വയറില്‍ സമൂഹ മാധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സഭ നീതിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സിസ്റ്റര്‍ ലൂസി പറഞ്ഞു.
സിസ്റ്ററിനെതിരായ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക, കന്യാസ്ത്രീ ആകുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, ചര്‍ച്ച് ആക്ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. സഭയില്‍ തനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് അത് തുറന്ന് പറയാനാകുന്നില്ലെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്റര്‍ ലൂസിയെ പിന്തുണച്ച് രൂപീകരിച്ച വാട്ട്സ് ആപ് കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകര്‍.
നേരത്തെ ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തു, പുസ്തകം പുറത്തിറക്കി,ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു,സ്വന്തമായി കാര്‍ വാങ്ങി തുടങ്ങി ആരോപണങ്ങളുന്നയിച്ചാണ് സിസ്റ്റര്‍ ലൂസി കളപ്പുരക്ക് സഭ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഫ്രാങ്കോക്കെതിരെ സമരം ചെയ്തത് തെറ്റായ നടപടിയായി തോന്നുന്നില്ലെന്നും സഭയും ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കൊപ്പം നില്‍ക്കണമായിരുന്നെന്നും വിശദീകരണ കത്തില്‍ വ്യക്തമാക്കിയിരുന്നു. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര തന്റെ വിശദീകരണക്കുറിപ്പിലൂടെ പറയുന്നു.