ബെെലവൻ രംഗനാഥനെതിരെ പരാതിയുമായി സുചിത്ര, ധനുഷിനെതിരെയും ആരോപണം
നടനും യൂട്യൂബറുമായ ബൈലവന്‍ രംഗനാഥനെതിരേ ആരോപണവുമായി ഗായിക സുചിത്ര. ഇയാൾക്കെതിരെ സുചിത്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂട്യൂബ് ചാനലില്‍ കൂടി തന്നെക്കുറിച്ച് മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് ഗായിക പരാതി നൽകിയിരിക്കുന്നത്.ചെന്നൈ പൊലീസ് കമ്മീഷണർക്കാണ് സുചിത്ര പരാതി നല്‍കിയിരിക്കുന്നത്. ബൈലവന്‍ രംഗനാഥന്റെ പിന്നിൽ നടൻ ധനുഷ്, സംവിധായകന്‍ വെങ്കട് പ്രഭു, മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ എന്നിവരുണ്ടെന്നും ഗായിക ആരോപിച്ചു.
‘ഞാൻ മാനസികരോഗിയാണെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും സ്ഥാപിക്കാൻ ഇയാൾ ശ്രമിക്കുന്നു. ഞാൻ പൊതുസ്ഥലത്ത് പ്രശ്‌നമുണ്ടാക്കുന്നവളാണെന്ന് ഇയാള്‍ പറഞ്ഞു. സിനിമയില്‍ അവസരങ്ങള്‍ക്കായി കിടക്ക പങ്കുവയ്ക്കാന്‍ മടിക്കാത്ത ആളാണ് ഞാൻ എന്ന് വരുത്തിത്തീർക്കാൻ ഇയാള്‍ ശ്രമിച്ചു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഞാൻ ഇയാളെ വിളിച്ചിരുന്നു. എന്റെ മുന്‍ഭര്‍ത്താവ് കാര്‍ത്തിക് കുമാറിന്റെ അഭിമുഖത്തില്‍ നിന്നാണ് ഈ വിവരങ്ങളെല്ലാം ലഭിച്ചതെന്ന് ഇയാള്‍ എന്നോട് കള്ളം പറഞ്ഞു. അഭിമുഖം അയച്ചു തരാന്‍ ഞാൻ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറി. മറ്റൊരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എന്നെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഇയാൾ പറഞ്ഞു.
എനിക്ക് മാതാപിതാക്കളോ ഭര്‍ത്താവോ കുട്ടികളോ ഇല്ല. ഞാന്‍ താമസിക്കുന്നത് ഒറ്റയ്ക്കാണ്. ഇയാളെ ആരോ രംഗത്തിറക്കിയതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ട്വിറ്റര്‍ അക്കാണ്ട് ഹാക്ക് ചെയ്ത് സുചി ലീക്ക്‌സ് വിവാദമുണ്ടാക്കിയവര്‍ തന്നെയാണ് ഇതിനും പിന്നിലെന്ന് ഞാന്‍ സംശയിക്കുന്നു. ബൈലവന്‍ രംഗനാഥനുമായി ധനുഷ്, കസ്തൂരിരാജ, വെങ്കട് പ്രഭു, കാര്‍ത്തിക് കുമാര്‍ എന്നിവര്‍ക്ക് ബന്ധമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു’- സുചിത്ര പറഞ്ഞു.
2017 ലാണ് സുചി ലീക്ക്‌സ് വിവാദം ആരംഭിക്കുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തെ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിലൂടെ പുറത്ത് വന്നിരുന്നു. സുചിത്രയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നായിരുന്നു ഇവ പുറത്തുവന്നത്. തന്റെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് സുചിത്ര പറഞ്ഞത്.