KeralaNews

സില്‍വര്‍ലൈന് വീണ്ടും ചിറകുമുളയ്ക്കുന്നു! സാധ്യത പരിശോധിക്കാൻ ദക്ഷിണ റെയിൽവേ; നിർദേശവുമായി കേന്ദ്ര റെയിൽവേ ബോർഡ്

തിരുവനന്തപുരം: സിൽവർലൈൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ആവർത്തിക്കുന്നതിനിടെ വിശദാംശങ്ങൾ പരിശോധിക്കാൻ നിർദേശവുമായി കേന്ദ്ര റെയിൽവേ ബോർഡ്. സിൽവർലൈൻ പദ്ധതിക്കായി കെ റെയിൽ സമർപ്പിച്ച വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേയ്ക്കാണ് ബോർഡ് നിർദേശം നൽകിയത്.

ഗതിശക്തി വിഭാഗം ഡയറക്ടർ എഫ്എ അഹ്മദാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്ത് നൽകിയിരിക്കുന്നത്. അർധ അതിവേഗ റെയിൽവേപാതയ്ക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നേരത്തെതന്നെ റെയിൽവേ ബോർഡ് കെ റെയിൽ കോർപ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. അലൈമെൻറിൽ വരുന്ന റെയിൽവേ ഭൂമിയുടെയും നിലവിലെ റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രോസുകളുടെയും വിശദ രൂപരേഖ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്.

2020ലായിരുന്നു സിൽവർലൈൻ ഡിപിആർ റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഡിപിആർ പരിശോധിച്ചശേഷം ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കെല്ലാം കെ റെയിൽ മറുപടി നൽകിയിരുന്നു. റെയിൽവേ ഭൂമി, ലെവൽ ക്രോസ് എന്നിവയുടെ വിശദാംശങ്ങൾക്കായി ദക്ഷിണറെയിൽവേ സംയുക്ത പരിശോധനയും നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഏറ്റെടുക്കേണ്ടി വരുന്ന റെയിൽവേ ഭൂമിയുടെ വിവരങ്ങൾ സമർപ്പിച്ചത്.

ഒമ്പത് ജില്ലകളിലെ റെയിൽവേ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമായി വരുന്നത്. നിർദ്ദിഷ്ട പാത കടന്നുപോകുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ആകെ 108 ഹെക്ടർ റെയിൽവേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. 3.6 ഹെക്ടർ സ്ഥലത്തെ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലവും സിൽവർലൈനിന് വേണ്ടിവരും.

കെ റെയിൽ പദ്ധതി കുറ്റി പറിച്ചതുകൊണ്ട് ഇല്ലാതാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നും പറഞ്ഞിരുന്നു. ഒറ്റപ്പാലത്ത് ഒരു പാർട്ടി പരിപാടിയ്ക്കിടെയാണ് സ്വപ്നപദ്ധതി പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൊണ്ട് ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞത്.

‘ആത്മധൈര്യത്തോടെയാണ് പറയുന്നത്. ജനങ്ങൾക്കു കൃത്യമായ ധാരണയും ദിശാബോധവും നൽകി കെ റെയിൽ പദ്ധതി നടപ്പാക്കും. വന്ദേ ഭാരതിന്‍റെ വേഗത കണ്ട് ജനങ്ങൾ നല്ല ആവേശത്തിലാണ്. ഇരട്ടി ചാർജാണ് ജനങ്ങളെ വലയ്ക്കുന്ന പ്രശ്നം. കെ റെയിൽ എത്തിയാൽ തലസ്ഥാനത്തുനിന്ന് കാസർകോടേക്കും തിരിച്ചും 39 ട്രെയിനുകൾ ദിവസവും സർവീസ് നടത്തും. തിരുനന്തപുരത്തുനിന്നു കാസർകോട്ടേക്കും തിരിച്ചും ദിവസവും 39 ട്രെയിനുകൾ സർവീസ് നടത്തും. 3.54 മണിക്കൂർകൊണ്ട് കേരളത്തിന്‍റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് എത്താ’മെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഓരോ 20 മിനിറ്റിലും സ്റ്റേഷനുകളിൽ ട്രെയിൻ വരും. കോൺഗ്രസും ലീഗും ബിജെപിയും കുറ്റി പറിച്ചതു കൊണ്ടു മാത്രം കെ റെയിൽ ഇല്ലാതാകില്ല. ദേശീയപാത ഉൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങളെല്ലാം ഇതേരീതിയിലുള്ള വികസനവും സമാനമായ നിലയിൽ എതിർപ്പു മറികടന്ന് ഇച്ഛാശക്തിയോടെയാണ് സർക്കാർ നടപ്പാക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker