കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്ക് പുരോഹിതന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
ഹരിയാന: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സിക്ക് പുരോഹിതന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി സന്ത് ബാബാ രാംസിംഗ് (65) ആണ് മരിച്ചത്. ഡല്‍ഹി-സോണിപത് അതിര്‍ത്തിയില്‍ കുണ്ട്ലിയിലായിരുന്നു സംഭവം. ബുധനാഴ്ച വൈകുന്നേരമാണ് ഇദ്ദേഹം ഇവിടെ എത്തിയത്.
ലൈസന്‍സുള്ള തോക്കുപയോഗിച്ച് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരിന്റെ കര്‍ഷക അനീതിക്കെതിരെ പ്രതിഷേധവും വേദനയും പ്രകടിപ്പിക്കാനാണ് താന്‍ ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അവകാശങ്ങള്‍ ഉറപ്പുവരുത്താന്‍ പോരാടുന്ന കര്‍ഷകരുടെ വേദന അനുഭവിക്കുന്നു. സര്‍ക്കാര്‍ നീതി നടപ്പാക്കാത്തതിനാല്‍ താന്‍ അവരുടെ വേദന പങ്കിടുകയാണ്. അനീതി ചെയ്യുന്നത് പാപമാണ്, പക്ഷേ അനീതി സഹിക്കുന്നതും പാപമാണ്.
കര്‍ഷകരെ സഹായിക്കുന്നതിനായി ചിലര്‍ പുരസ്‌കാരങ്ങള്‍ ത്യജിച്ചു. ഞാന്‍ എന്നെത്തന്നെ ത്യജിക്കാന്‍ തീരുമാനിച്ചെന്നും രാംസിംഗ് ആതമ്ഹത്യാക്കുറിപ്പില്‍ പറഞ്ഞു. ഹരിയാനയിലും പഞ്ചാബിലുമുള്‍പ്പെടെ അനുയായികളുള്ള ബാബാ രാംസിംഗ് ഹരിയാന എസ്ജിപിസി ഉള്‍പ്പെടെയുള്ള നിരവധി സിഖ് സംഘടനകളുടെ മുന്‍ ഭാരവാഹി കൂടിയായിരുന്നു.