കൊച്ചി:ആറുവർഷത്തിന് ശേഷം സിബി മലയിലിന്‍റെ സംവിധാനത്തില്‍ ആസിഫ് അലിയും റോഷൻ മാത്യുവും നായകന്മാരാകുന്ന ചിത്രം കൊത്ത് സെപ്റ്റംബർ 16ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. കണ്ണൂരിന്‍റെ രാഷ്ട്രീയം പ്രമേയമാക്കിയ സിനിമയാണ് കൊത്ത്.
ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും ശശിധരനും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിഖില വിമലാണ് നായിക. രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുൽ, ശിവൻ സോപാനം എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എല്ലാവരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമ കൂടിയാണ് കൊത്ത്. ഇപ്പോഴിത സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ സിബി മലയിൽ നൽകിയ അഭിമുഖം ശ്രദ്ധ നേടുകയാണ്. സിനിമാ വിശേഷങ്ങളും ഇത്രയും കാലത്തെ അനുഭവങ്ങളുമാണ് സിബി മലയിൽ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുന്നത്.
‘ഞാൻ എവിടേയും പോയിട്ടൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തിരിച്ചുവരവ് എന്ന വാക്കിനോട് യോജിക്കുന്നില്ല. മാത്രമല്ല എല്ലാവർക്കും കരിയറിൽ സംഭവിച്ച അപ്സ് ആന്റ് ഡൗണുകൾ എനിക്കും സംഭവിച്ചിട്ടുണ്ടെന്ന് മാത്രം. രഞ്ജിത്തിനൊപ്പം ചെയ്ത ആദ്യ സിനിമ മായാമയൂരമനാണ്.’
‘അന്ന് രഞ്ജിത്ത് കഥ പറഞ്ഞപ്പോൾ ഞങ്ങളെ ആകർഷിച്ചത് മോഹൻലാലിന്റെ ഡബിൾ റോൾ തന്നെയായിരുന്നു. പക്ഷെ തിയേറ്ററിൽ എന്തുകൊണ്ടോ വലിയ വിജയമായില്ലെന്ന് മാത്രം. എല്ലാത്തരം സിനിമകളും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം. അതിനുവേണ്ടിയാണ് ശ്രമിക്കുന്നതും.’
‘എല്ലാം പരീക്ഷിക്കാൻ താൽപര്യമാണ്. അങ്ങനെയാണ് ഉസ്താദ് ചെയ്തത്. പേഴ്സണലി എനിക്ക് ഇമോഷണൽ ഡ്രാമ സിനിമകൾ ചെയ്യാനാണ് എനിക്ക് താൽപര്യം. ആസിഫിലെ ടാലന്റ് അപൂർവരാഗം ചെയ്യുമ്പോൾ തന്നെ മനസിലായിരുന്നു. സിനിമയിൽ അയാൾ നിലനിൽക്കുമെന്ന് തോന്നിയിരുന്നു.’
‘നടനെന്ന രീതിയിൽ ആസിഫ് വളർന്നു. കഥാപാത്രവും സിനിമയും ആസിഫ് സെലക്ട് ചെയ്യുന്നതിൽ നിന്നും തന്നെ അത് വ്യക്തമാണ്. ആസിഫിലെ നടന് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അതുപോലെ റോഷന്റെ ആനന്ദമൊന്നും ഞാൻ കണ്ടിട്ടില്ല. റോഷൻ എന്നും തിയേറ്ററിനെ ഇഷ്ടപ്പെടുന്ന നടനാണെന്ന് വ്യക്തമാണ്.’
‘അയാൾ വേറൊരു തരത്തിൽ അഭിനയത്തെ കാണുന്ന വ്യക്തിയാണ്. യുവ താരങ്ങളിലെ നല്ല നടന്മാരിൽ ഒരാളാണ് റോഷൻ. റോഷനിലെ നടനിൽ ഒരുപാട് സാധ്യതകളുണ്ട്. നിഖിലയുടെ ആദ്യ സിനിമകൾ ഞാൻ കണ്ടിട്ടില്ല. ദിലീപിനൊപ്പമുള്ള നിഖിലയുടെ സിനിമ കണ്ടപ്പോഴും വലുതായി ഒന്നും തോന്നിയിരുന്നില്ല.’
‘തുടക്കത്തിൽ ഐശ്വര്യ ലക്ഷ്മിയായിരുന്നു ചോയ്സ് പിന്നീട് അത് നിഖിലയിലേക്ക് എത്തുകയായിരുന്നു. ഐശ്വര്യ ലക്ഷ്മി മറ്റ് സിനികളുമായി തിരക്കിലായിരുന്നു. നിഖില വരുമ്പോൾ നമുക്ക് വളരെ ചെറിയ കുട്ടിയായി തോന്നും പക്ഷെ ഫ്രെയിമിലേക്ക് വന്നാൽ നിഖിലയുടെ പെർഫോമൻസ് ഗംഭീരമാണ്.’
‘ഇടയ്ക്ക് വന്ന് സംശയങ്ങൾ ചോദിക്കും. അങ്ങനെ ചെയ്തോട്ടെ ഇങ്ങനെ ചെയ്തോട്ടെ എന്നൊക്കെ. ഞാൻ ചിന്തിക്കുന്നതിനും അപ്പുറമൊക്കെ അവൾ ചിന്തിക്കുന്നത് കാണാം. യുവതാരങ്ങളെല്ലാം ഭാവിയിൽ മലയാള സിനിമയ്ക്ക് അസറ്റായി മാറും.’
‘പേര് സൂചിപ്പിക്കുന്നതുപോലെ വയലൻസ് സിനിമയല്ല കൊത്ത്. ഒരു ഇമോഷണൽ ത്രില്ലറാണ്. എന്റെ കരിയറിലെ മികച്ച സിനിമകളുടെ ഗണത്തിലേക്ക് അടയാളപ്പെടുത്തും. അവസാനം ഞാൻ ചെയ്ത ചില ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കാതെപോയി.’
‘നല്ല തിരക്കഥ കിട്ടിയിട്ടേ സിനിമ ചെയ്യുന്നുള്ളൂ എന്നൊരു തീരുമാനം ചെറിയ ഇടവേളയുണ്ടാക്കി’ സിബി മലയിൽ പറഞ്ഞു. ഉന്നം, ഞങ്ങളുടെ വീട്ടിലെ അതിഥികൾ എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സിബി മലയിൽ സിനിമകൾ.