‘ശ്വേത എന്നെ കെട്ടിപ്പിടിച്ചതും നാട്ടുകാർ ആര്‍പ്പുവിളിച്ചു, അവരുടെ എംഎല്‍എയെ അല്ലേ കെട്ടിപ്പിടിച്ചത്’; ഗണേഷ്
കൊച്ചി:ജന്മം കൊണ്ട് മലയാളിയാണെങ്കിലും ചണ്ഡീഗഡിലാണ് നടി ശ്വേത മേനോൻ ജനിച്ചത്. ശ്വേതയുടെ പിതാവ് ഇന്ത്യൻ വ്യോമസേനയിലായിരുന്നു ജോലി ചെയ്തിരുന്നത്. കോഴിക്കോടിലെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ശ്വേതയുടെ പഠനം.
ആദ്യവിവാഹം ബോബി ബോസ്ലയുമായിട്ടായിരുന്നു. പിന്നീട് വേർപിരിഞ്ഞു. പിന്നീട് 2011ൽ തൃശൂർ സ്വദേശിയും മുംബൈയിൽ ബിസിനസുകാരനുമായ ശ്രീവത്സൻ മേനോനുമായി വിവാഹിതയായി. മുംബൈയിൽ സെറ്റിൽഡാണ് ശ്വേത. ചെറുപ്പം മുതൽ മോഡലിങിലും ഒട്ടനവധി സൗന്ദര്യ മത്സരങ്ങളിലും സ്ഥിരസാന്നിധ്യമായിരുന്നു.
1994ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെ ബോൾഡായ മലയാളം നടിമാരിൽ ഒരാളാണ് ശ്വേത. മറ്റുള്ള നടിമാർ ചെയ്യാൻ മടിക്കുന്ന റോളുകൾ അനായാസമായി കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും ശ്വേതയ്ക്ക് കഴിയാറുണ്ട്. അല്ലായിരുന്നെങ്കിൽ കളിമണ്ണ്, രതിനിർവേദം പോലുള്ള സിനിമകളിൽ ശ്വേത അഭിനയിക്കില്ലായിരുന്നു.
അത്തരം ഗ്ലാമറസ് കഥാപാത്രങ്ങൾ ചെയ്തതിന്റെ പേരിൽ തന്നെ ഒട്ടനവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട് ശ്വേതയ്ക്ക്. പക്ഷെ ഒന്നും താരത്തെ ബാധിക്കാറില്ല. കേരളം വിട്ട് പുറത്ത് പോയാൽ അഭിസംബോധന ചെയ്യുമ്പോഴും സ്വാഗം ചെയ്യുമ്പോഴുമെല്ലാം ആണായാലും പെണ്ണായാലും പരസ്പരം ആശ്ലേഷിക്കുന്ന പതിവുണ്ട്.
കാലം പുരോഗമിച്ചതോടെ മലയാളികളും ഇപ്പോൾ ഹഗ് ചെയ്ത് സ്വീകരിക്കാറുണ്ട്. മലയാളികൾ ഹഗ് ചെയ്തുള്ള സ്വാഗതവും സ്നേഹപ്രകടനവും കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത് നടി ശ്വേത മേനോൻ സിനിമകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായതോടെയാണ്.
ശ്വേത എല്ലാവരെയും ഹഗ് ചെയ്താണ് സ്വീകരിക്കാറ്. അതിൽ അശ്ലീലമില്ലെന്നത് പലരും പിന്നീടാണ് തിരിച്ചറിഞ്ഞത്. ഈ ഹഗ് ചെയ്യുന്ന പ്രകൃതം വെച്ചാണ് പലരും ശ്വേതയെ കളിയാക്കിയിരുന്നത് പോലും. ഇപ്പോഴിതാ തങ്ങൾക്കുണ്ടായ ഒരു അനുഭവം നടനും എംഎൽഎയുമായ ഗണേഷ് കുമാറും നടൻ മനോജ് കെ ജയനും പങ്കുവെച്ചിരിക്കുകയാണ്. ശ്വേതയ്ക്കൊപ്പം ഒരു വേദി പങ്കിട്ടപ്പോഴാണ് രസകരമായ അനുഭവം നടന്മാർ പങ്കിട്ടത്.
ആ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരു ഓണാഘോഷത്തിനിടയിലെ വീഡിയോയാണ് പ്രചരിക്കുന്നത്. ‘ഇവിടെ വന്നപ്പോള്‍ രസകരമായൊരു സംഭവം നടന്നു. മനോജും സാക്ഷിയാണ്. എവിടെ വെച്ച് കണ്ടാലും ശ്വേത ഹഗ് ചെയ്യും. പത്തനാപുരത്ത് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ശ്വേത വന്നിരുന്നു. ശ്വേതയെ കാണാനായി ജനക്കൂട്ടം കാത്തിരിക്കുകയായിരുന്നു.’
‘ഞാന്‍ അങ്ങോട്ട് ചെന്നതും ചേട്ടായെന്ന് വിളിച്ച് ശ്വേത എന്നെ കെട്ടിപ്പിടിച്ചു. നാട്ടുകാരെല്ലാം ആര്‍പ്പുവിളിക്കുകയായിരുന്നു. അവരുടെ എംഎല്‍എയെ അല്ലേ കെട്ടിപ്പിടിച്ചത്. കുറേക്കഴിഞ്ഞ് ഞങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഒരു പയ്യന്‍ എന്നെ കാണാന്‍ വന്നു. എനിക്ക് ശ്വേത മേനോന്റെ ഒരു ഹഗ് വേണം എന്നെയൊന്ന് റെക്കമെന്റ് ചെയ്യാമോയെന്നായിരുന്നു അവന്റെ ചോദ്യം.’
‘എംഎല്‍എ അല്ലേ… നിരസിക്കാനാവില്ലല്ലോ വോട്ടറല്ലേ… ശ്വേത ഇവനൊരു ഹഗ് കൊടുക്കാമോയെന്ന് ഞാന്‍ ചോദിച്ചതും ശ്വേത അവനെ ഓടിച്ചുവിട്ടു’, എന്നാണ് ഗണേഷ് കുമാർ സംഭവം വിവരിച്ച് പറഞ്ഞത്. പിന്നീട് സംസാരിച്ചത് മനോജ് കെ ജയൻ ആയിരുന്നു. ‘ഇവിടെ വന്നപ്പോള്‍ ശ്വേത എന്നെയും ഗണേഷിനെയുമൊക്കെ ഹഗ് ചെയ്തിരുന്നു. അപ്പോള്‍ മാവേലിയും ഹഗ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.’
‘എന്നേക്കൂടി ഉൾപ്പെടുത്തൂ എന്ന ഭാവം ആ മുഖത്ത് കാണാനുണ്ടായിരുന്നു. പാതാളത്തില്‍ നിന്നും ഇത്രയും കഷ്ടപ്പെട്ട് വന്നതല്ലേ… ഒന്ന് ഹഗ് ചെയ്താല്‍ എന്തായിരുന്നു കുഴപ്പമെന്നായിരുന്നു’, മനോജിന്റെ ചോദ്യം. ഇതിനെന്തായാലും ശ്വേത മറുപടി പറയണമെന്നുമായിരുന്നു ഗണേഷും പറഞ്ഞത്. രസകരമായ മറുപടിയാണ് അതിന് ശ്വേതയിൽ നിന്നും വന്നത്.
‘മാവേലിയെ കാണുമ്പോള്‍ ബഹുമാനം കൊടുക്കണ്ടേ… ഗണേഷേട്ടന്‍ മാവേലിയാണെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കും ഹഗ് തരില്ലായിരുന്നു. ആ കാല് തൊട്ട് വന്ദിക്കുകയെ ചെയ്യുമായിരുന്നുള്ളു’, എന്നാണ് ശ്വേത പറഞ്ഞത്. വീഡിയോ എന്തായാലും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ടു.