തിരുവനന്തപുരം: വഞ്ചിയൂർ ചെമ്പകശ്ശേരിയിൽ വീട്ടമ്മയെ എയര്‍ഗൺ ഉപയോഗിച്ച് വെടിവെച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറെ പൊലീസ് എറണാകുളത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. പ്രതി സഞ്ചരിച്ച കാറിന്‍റേത് വ്യാജ നമ്പറായിരുന്നു. ഈ നമ്പർ തയ്യാറാക്കിയത് എറണാകുളത്ത് വെച്ചായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി എറണാകുളത്തെത്തിച്ചത്.
കോടതി കഴിഞ്ഞ ദിവസം പ്രതിയെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരുടെ പരാതിയിൽ വെടിയേറ്റ വീട്ടമ്മയുടെ ഭര്‍ത്താവിനെതിരെ എടുത്ത ലൈംഗിക പീഡന കേസ് കൊല്ലം പൊലീസിന് കൈമാറിയിട്ടുണ്ട്. മുൻ സുഹൃത്തായ വഞ്ചിയൂർ സ്വദേശി സുജിത്തിനോടുള്ള വ്യക്തിവൈരാഗ്യമായിരുന്നു ആക്രണത്തിന് കാരണം. മുഖം മറച്ചുവന്നിട്ടും പൊലിസ് തയ്യാറാക്കിയ ഗ്രാഫിക് ചിത്രവും, കാറുമാണ് പ്രതിയിലേക്ക് എത്തിചേരാൻ പൊലീസിനെ സഹായിച്ചത്.
വെടിയേറ്റ ഷിനിയെയും ഭാർത്താവ് സുജിത്തിനെയും കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതൊടൊപ്പം ഷാഡോ പൊലീസ് യുവതി എത്തിയ കാറ് കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ പാരിപ്പള്ളിവരെയാണ് കാർ പോയിരിക്കുന്നതെന്ന് കണ്ടെത്തി. ഷിനിയാണോയെന്ന് ചോദിച്ച് ഉറപ്പാക്കിയ ശേഷമായിരുന്നു യുവതി വീട്ടമ്മയെ വെടിവെച്ചത്.
അതിനാൽ ഷിനിയെ നേരിട്ട് പരിചയമില്ലാത്ത ഒരാളായതിനാൽ അന്വേഷണം ഭർത്താവ് സുജിത്തിലേക്ക് കേന്ദ്രീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുജിത്ത് മൂന്ന് വർഷം മുമ്പ് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. അവിടെയുള്ള ഒരു ഡോക്ടറുമായുള്ള സൗഹൃദവും ചോദ്യം ചെയ്യലിൽ പുറത്തുവന്നു.അങ്ങനെയാണ് പ്രതിയിലേക്ക് എത്തിയത്.