ന്യൂഡല്‍ഹി: കൊവിഡിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍ വരുന്നതുവരെ രോഗം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യം ഇന്ത്യയായരിക്കുമെന്ന് പഠനം. അടുത്ത വര്‍ഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയില്‍ പ്രതിദിനം 2.87 ലക്ഷത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തേക്കുമെന്നാണ് മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.
ഫലപ്രദമായ ചികിത്സയോ വാക്‌സിനോ കണ്ടുപിടിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ ലോകത്താകമാനം 24.9 കോടി കൊവിഡ് ബാധിതരുണ്ടാകുമെന്നും 18 ലക്ഷം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നും പഠനം പറയുന്നു. 84 രാജ്യങ്ങളിലെ കൊവിഡ് ഡാറ്റകള്‍ അവലോകനം ചെയ്താണ് എംഐടി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഇന്തൊനേഷ്യ, നൈജീരിയ, തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളെയാകും. 130 കോടി ജനങ്ങളുള്ള ഇന്ത്യയുടെ രോഗവ്യാപന സാധ്യതകളെല്ലാം പരിശോധിച്ചാണു എംഐടിയുടെ പഠന റിപ്പോര്‍ട്ട്.
അമേരിക്കയില്‍ പ്രതദിനം 95,000 കേസുകള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഇത് 21,000വും ഇറാനില്‍ 17,000വുമാണ്. ഇന്തൊനേഷ്യയില്‍ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ആര്‍ജിത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ സാധ്യമായ കാര്യമല്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
നിലവില്‍ ലോകത്താകമാനം 1.17 കോടിയിലധികം ആളുകളാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 5.43 ലക്ഷത്തോളം ആളുകള്‍ക്കാണ് വൈറസ് ബാധ മൂലം ജീവന്‍ നഷ്ടപ്പെട്ടത്.