പി.എസ്.സി ക്രമക്കേടിന് പിന്നാലെ ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷ ഫലവും സംശയ നിഴലില്‍
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ മുന്‍ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന്റെ ഡിഗ്രി പരീക്ഷാ ഫലവും സംശയ നിഴലില്‍. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരുന്ന ശിവരഞ്ജിത്തിന് ആദ്യ നാല് സെമസ്റ്ററുകളില്‍ മാര്‍ക്ക് തീരെ ഇല്ലാതിരുന്നു. നാലാം ശ്രമത്തിലാണ് ശിവരഞ്ജിത്ത് ആദ്യ സെമസ്റ്റര്‍ പാസായതെന്നാണ് റിപ്പോര്‍ട്ട്.
പി.എസ്.സി പരീക്ഷയില്‍ ശിവരഞ്ജിത്ത് ക്രമക്കേട് നടത്തിയതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിഗ്രി ഫലവും സംശയത്തിന്റെ നിഴലിലായത്. അവസാന രണ്ട് സെമസ്റ്ററുകളില്‍ 70 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങിയ ഇയാള്‍ എ ഗ്രേഡും ബി ഗ്രേഡുമാണ് നേടിയത്.
ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രമാണ്. നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയത്തിനും ജയിക്കുന്നത്. അതേസമയം, അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. മറ്റ് വിഷയങ്ങളിലും അവസാന സെമസ്റ്ററുകളില്‍ ഉയര്‍ന്ന മാര്‍ക്കുണ്ട്.