മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ വെറ്ററൻ താരം ശിഖർ ധവാനും ഇന്ത്യൻ ടീമില്‍ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. വിക്കറ്റ് കീപ്പർമാരായി കെ.എൽ. രാഹുൽ, മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ എന്നിവർ കളിക്കണമെന്നും വസീം ജാഫർ ജിയോ ടിവിയിൽ സംസാരിക്കവെ പ്രതികരിച്ചു. ഇഷാൻ കിഷൻ ടീമിൽ വേണ്ടെന്നാണു ജാഫറിന്റെ നിലപാട്. ചൈനാമാൻ ബോളർ കുൽദീപ് യാദവ് അടക്കം മൂന്ന് സ്പിന്നർമാർ വസീം ജാഫര്‍ പ്രവചിച്ച ടീമിലുണ്ട്.
ഒക്ടോബർ എട്ടിന് ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം. ഓസ്ട്രേലിയയാണ് എതിരാളികൾ. ‘‘ഇന്ത്യൻ ടീമിൽ എന്റെ മൂന്ന് ഓപ്പണർമാർ രോഹിത് ശർമ, ശുഭ്മൻ ഗിൽ, ശിഖർ ധവാൻ എന്നിവരാണ്. ശിഖർ ധവാനെ കളിപ്പിച്ചില്ലെങ്കിലും പാകരക്കാരനായെങ്കിലും ലോകകപ്പ് ടീമിലെടുക്കും.
മൂന്നാമനായി വിരാട് കോലിയും നാലാം സ്ഥാനത്ത് ശ്രേയസ് അയ്യരും കളിക്കട്ടെ. പിന്നാലെ കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ ബാറ്റിങ്ങിന് ഇറങ്ങണം. സ്പിൻ ബോളർമാരായി രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ കളിക്കട്ടെ.’’- വസീം ജാഫർ പറഞ്ഞു.
ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരെ പേസർമാരായി ടീമിൽ കളിപ്പിക്കുമെന്നും വസീം ജാഫർ വ്യക്തമാക്കി. മുഹമ്മദ് ഷമി പകരക്കാരനായി ടീമിലുണ്ടാകും. ‘‘ഇന്ത്യയിലാണു ലോകകപ്പ് നടക്കുന്നതെന്നതുകൊണ്ടു തന്നെ ഹാർദിക് പാണ്ഡ്യ പന്തെറിയേണ്ടിവരും. പത്ത് ഓവറുകൾ എറിഞ്ഞില്ലെങ്കിലും, ഏഴോ, എട്ടോ ഓവറുകൾ പന്തെറിഞ്ഞാലും മതിയാകും.
ഹാർദിക് പന്തെറിഞ്ഞാൽ മൂന്ന് സ്പിന്നർമാരെ ടീമിൽ കളിപ്പിക്കാം. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും ഓൾ റൗണ്ടർമാർ കൂടിയാണ്.’’– വസീം ജാഫർ വ്യക്തമാക്കി. കെ.എൽ. രാഹുലിനെ പ്രധാന വിക്കറ്റ് കീപ്പറായും സഞ്ജു സാംസണെ പകരക്കാരനായും കളിപ്പിക്കാമെന്നും വസീം ജാഫര്‍ വ്യക്തമാക്കി.
വസീം ജാഫർ പ്രവചിച്ച ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഷാർദൂൽ ഠാക്കൂർ.