KeralaNews

ഷാരോൺ വധം: ഗ്രീഷ്‌മയ്‌ക്കു തിരിച്ചടി; റിപ്പോർട്ട് റദ്ദാക്കാൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്കു തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ സമാനമായ ഹർജി ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

ഗ്രീഷ്മയ്ക്കായി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചത്. പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകണമെന്നാണു ചട്ടം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കു സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാനുള്ള അധികാരമില്ല. ഈ സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള റിപ്പോർട്ടും തുടർനടപടികളും റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ച കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു ഗ്രീഷ്മ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. ഗുരുതരാവസ്ഥയിലായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25നു മരിച്ചു.

അന്വേഷണസംഘം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വിചാരണ നടപടികൾക്കായി നെയ്യാറ്റിൻകര അഡീ. സെഷൻസ് കോടതിയിലേക്കു കൈമാറിയിരുന്നു. എന്നാൽ പ്രത്യേക അന്വേഷണസംഘത്തലവനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്തിമ റിപ്പോർട്ട് നൽകിയതു നിയമപരമല്ലെന്നാണ് ആക്ഷേപം.

കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മ നൽകിയ ഹർജി സുപ്രീം കോടതി കഴിഞ്ഞ ഒക്ടോബറിൽ തള്ളിയിരുന്നു. കേരളത്തിൽ നടക്കുന്ന വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇക്കാര്യം വിചാരണക്കോടതിയിലാണ് പറയേണ്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker