KeralaNews

ആദ്യഭര്‍ത്താവിന്റെ മരണം നടന്നാല്‍ ദീര്‍ഘമാംഗല്യം,അലിവില്ലാതെ കാമുകനെ കൊന്ന ഗ്രീഷ്മ നരബലി പ്രതികളേക്കാള്‍ സൈക്കോ

തിരുവനന്തപുരം:ഷാരോണ്‍രാജിനെ വകവരുത്തിയത് താന്‍ തന്നെയെന്ന് ഗ്രീഷ്മ പോലീസിനോട് സമ്മതിയ്ക്കുമ്പോഴും ആദ്യ ഭര്‍ത്താവിനെ കൊന്നാല്‍ സൈനികനുമായി സുഖ ദാമ്പത്യം ഉണ്ടാകുമെന്ന ഐഡിയ മകള്‍ക്ക് കിട്ടിയത് അമ്മയില്‍ നിന്നോ എന്ന സംശയത്തിലാണ് പോലീസ് ജ്യോതിഷ പ്രവചനത്തിന്റെ ചുവടു പിടിച്ച് നടന്ന നീക്കത്തില്‍ ഷാരോണിന്റെ വീട്ടുകാര്‍ സംശയവുമായെത്തിയപ്പോള്‍ ഗ്രീഷ്മയുടെ വീട്ടുകാരും മറു തന്ത്രവുമായി എത്തി. നായരായ തങ്ങളുടെ കുടുംബത്തെ നാറ്റിക്കാന്‍ നാടാന്മാര്‍ നടത്തുന്ന നീക്കം. പാറശ്ശാലയിലാകെ ഇതു പ്രചരിപ്പിക്കുകയും ചെയ്തു.

റൂറല്‍ പൊലീസിലെ സ്‌പെഷ്യല്‍ ബ്രാഞ്ചും സജീവമായി അന്വേഷണം നടത്തി. ഷാരോണിന്റേതുകൊലയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. പെണ്‍കുട്ടി ധൈര്യ സമേതം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതോടെ ഒരു കൊടുകുറ്റവാളി ഗ്രീഷ്മയിലുണ്ടെന്ന് തിരിച്ചറിഞ്ഞു. കാമുകന്റെ കൈയിലെ ഫോട്ടോയും വീഡിയോയുമെല്ലാം പ്രശ്‌നമാകുമെന്ന് അവള്‍ കരുതി. നാടാര്‍ യുവാവുമായുള്ള പ്രണയം ഭാവിയിലുണ്ടാക്കാവുന്ന ദുരഭിമാനം അവള്‍ തിരിച്ചറിഞ്ഞു. അങ്ങനെ ജ്യോതിഷ പ്രവചനത്തില്‍ എല്ലാം പദ്ധതിയൊരുക്കി. കാമുകനെ കൊണ്ട് താലികെട്ടിച്ച ശേഷം അവനെ തീര്‍ക്കുക. അതിന് ശേഷം വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച സൈനികനെ വിവാഹം ചെയ്ത് സുഖജീവിതം. എന്നാല്‍ ഡോക്ടര്‍മാരുടെ സംശയങ്ങള്‍ എല്ലാം അട്ടിമറിച്ചു. അന്ധവിശ്വാസം വീണ്ടും മലയാളിയെ കാര്‍ന്നു തിന്നുന്ന വിപത്തായി മാറി. ഷാരോണ്‍ തുരിശു കഴിച്ചു കൊല്ലപ്പെട്ടു. പാറശ്ശാല പൊലീസ് എഴുതി തള്ളിയ കേസില്‍ റൂറല്‍ എസ് പി ചടുല നീക്കള്‍ നടത്തി. അതിവേഗം കേസ് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കി. ഇതോടെ ‘പാറശ്ശാലയുടെ’ സുരക്ഷിതത്വത്തില്‍ നിന്ന് മാറി ചോദ്യം ചെയ്യല്‍ ഗ്രീഷ്മയ്ക്ക് നേരിടേണ്ടി വന്നു. അവള്‍ ആ ക്രൂരത ഏറ്റു പറഞ്ഞു. അന്ധവിശ്വാസത്തിനൊപ്പം നാടാരെ കല്യാണം കഴിക്കേണ്ടി വരുമോ എന്ന ദുരഭിമാനവും കൊലയ്ക്ക് കാരണമായി.

പെണ്‍മക്കള്‍ അന്യമതസ്ഥരെ വിവാഹം ചെയ്യുന്നത് ഇതിനു മുമ്പും കേരളത്തില്‍ ദുരഭിമാനകൊലയായി മാറി. കെവിന്‍ വധത്തില്‍ അവനെ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കാട്ടിയ ക്രൂരത മനസാക്ഷിയെ ഞെട്ടിച്ചതാണ്. എന്നാല്‍ ഇവിടെ കാമുകി തന്നെ സ്വന്തം കാമുകനെ ദുരഭിമാനം കാരണം ഇല്ലാതാക്കുകയാണ്. ഇലന്തൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന ഇരട്ട നരബലിയെക്കാള്‍ ക്രൂരത പാറശ്ശാലയില്‍ സംഭവിച്ചിരിക്കുന്നു. അതുകൊണ്ട് ഗ്രീഷ്മയുടെ കുറ്റസമ്മതം കേരളത്തെ ഞെട്ടിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പാറശ്ശാലയിലേത്. മാധ്യമങ്ങളുടെ നീക്കങ്ങളെ പ്രാദേശിക തലത്തില്‍ തെറ്റിക്കാന്‍ നടത്തി കള്ളക്കഥകളും പൊളിഞ്ഞു വീണു. ഗ്രീഷ്മയുടെ മുഖം മൂടി അഴിഞ്ഞു വീണു. ഇതിന് കാരണക്കാരിയായത് ഐപിഎസ് ഉദ്യോഗസ്ഥയായ ശില്‍പയാണെന്നതും കാവ്യനീതിയായി. മാധ്യമങ്ങളിലൂടെ ഗ്രീഷ്മ പറയുന്നതെല്ലാം കളവാണെന്ന് ഈ ലേഡി ഓഫീസര്‍ ഉറപ്പിച്ചതാണ് ഈ കേസിലെ വഴിത്തിരിവ്. ഷാരോണിന് കൊടുത്ത ജ്യൂസ് വീട്ടില്‍ വന്ന ഓട്ടോ മാമനും കൊടുത്തെന്നും ഓട്ടോ മാമനും സുഖമില്ലാതായെന്നും മാധ്യമങ്ങളോട് ഗ്രീഷ്മ ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഓട്ടോ മാമനെ കാണിച്ചു കൊടുക്കാന്‍ ഗ്രീഷ്മയ്ക്ക് കഴിഞ്ഞില്ല. ഇതാണ് സത്യത്തിലേക്ക് ശില്‍പ്പയെന്ന എസ് പിയെ അടുപ്പിച്ചത്.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്പി. ജോണ്‍സണ്‍, എ.എസ്പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പൊലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.

ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. പെണ്‍സുഹൃത്തും വീട്ടുകാരും ചേര്‍ന്ന് ആസൂത്രിതമായി പാനീയത്തില്‍ ആസിഡ് കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്. എന്നാല്‍ തുടക്കത്തില്‍ പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. ഇതോടെ സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു. ഇതാണ് വഴിത്തിരിവായതും.

ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കള്‍ പറഞ്ഞതാണ് ശരിയാകുന്നത്. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാന്‍ വേണ്ടിയാണ് മകനെ വിഷം കൊടുത്തുകൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛര്‍ദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് പറയുന്നു. ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകന്‍ പറഞ്ഞിരുന്നെങ്കില്‍, അവന്‍ പറഞ്ഞില്ല. ഇടയ്‌ക്കൊക്കെ ഓക്കാനം വരുമെന്ന് അവന്‍ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വര്‍ക്ക് ബുക്ക് വാങ്ങാന്‍ വേണ്ടിയായിരുന്നു. ഉടന്‍ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്റെ പിതാവ് വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ ഷാരോണിന്റെ കൈയില്‍ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാന്‍ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോണ്‍ തന്നെയാണ് വീട്ടില്‍ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാല്‍ ആദ്യത്തെ ഭര്‍ത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോണ്‍ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവര്‍ കൊന്നതാണ്, ആദ്യ ഭര്‍ത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു. കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പൊലീസില്‍ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാല്‍ അത് വ്യക്തമായി അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പൊലീസ് പറഞ്ഞത്. അവരെ അരമണിക്കൂര്‍ ചോദ്യംചെയ്തപ്പോള്‍ അതാണ് മനസ്സിലായതെന്നുമായിരുന്നു പൊലീസ് പറഞ്ഞത്.

ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാല്‍ അവര്‍ക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടില്‍ പൊലീസ് പോയപ്പോള്‍ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പൊലീസ് നല്‍കിയെന്ന് പിതാവ് ആരോപിക്കുന്നു. ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാല്‍ പേരറിയില്ല എന്നായിരുന്നു അവള്‍ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോള്‍ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവള്‍ പറഞ്ഞത്, എനിക്കത് സഹിക്കാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.

മകന്‍ അവളുടെ വീട്ടില്‍ പോയി, വീടിന് അമ്പത് മീറ്റര്‍ ദൂരത്തെത്തിയപ്പോള്‍ അവള്‍ വിളിച്ചു. വീട്ടില്‍ ആരുമില്ല ഇങ്ങോട്ട് വാ എന്നുപറഞ്ഞു. അപ്പോള്‍ ഗ്രീഷ്മയുടെ അച്ഛനും അമ്മയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി ഷാരോണിന്റെ സുഹൃത്ത് പറഞ്ഞുവെന്നും പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും ചേര്‍ന്ന് പ്ലാന്‍ ചെയ്ത് മകനെ കൊന്നതാണെന്നും അച്ഛന്‍ പറഞ്ഞു. എപ്പോഴും ജ്യൂസും പിടിച്ചാണ് ഗ്രീഷ്മ മകനൊപ്പം നടക്കുന്നത്. ഇത് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു. മജിസ്‌ട്രേറ്റ് വന്ന് മൊഴിയെടുത്തപ്പോള്‍ മാത്രമാണ് കഷായം കുടിച്ച കാര്യം അവന്‍ പറഞ്ഞത്. അവസാന നാളില്‍ പോലും അവന്‍ അവള്‍ക്കെതിരെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അവള്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു അവന്റെ വിശ്വാസം. രണ്ട് മാസത്തോളമെങ്കിലും പ്ലാന്‍ ചെയ്തിട്ടായിരിക്കണം അവര്‍ മകനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിന് മുമ്പേ വിവാഹം കഴിച്ചാല്‍ ആദ്യ ഭര്‍ത്താവ് മരിച്ചു പോകുമെന്ന് പറഞ്ഞിരുന്നതായി ഷാരോണിന്റെ അമ്മ പറഞ്ഞു. അതുകൊണ്ട് ഡിസംബറോടെ വിവാഹം കഴിക്കാം എന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ അവളുടെ വിവാഹം വേറെ ആളുമായി നിശ്ചയിച്ചിരുന്നുവെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. മകന്‍ കുങ്കുമം ചാര്‍ത്തിക്കൊടുത്തിരുന്നു. എല്ലാ ദിവസവും കുങ്കുമം ഇട്ടുള്ള ചിത്രം വിശ്വസിപ്പിക്കാന്‍ വേണ്ടി വാട്‌സാപ്പില്‍ അയച്ചുകൊടുക്കുമായിരുന്നുവെന്നും അമ്മ പറഞ്ഞു. അതെല്ലാം ഷാരോണിനെ കൊലയിലേക്ക് എത്തിക്കാനുള്ള ഗൂഡ നീക്കമായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button