ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്.. ആര്യയെ സ്റ്റാര്‍ട്ട് മ്യൂസിക്കില്‍ നിന്ന് ഒഴിവാക്കിയോ? എല്ലാത്തിനും കാരണം സിബിനോ? മറുപടിയുമായി താരം
കൊച്ചി:മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള ടെലിവിഷന്‍ താരങ്ങളില്‍ ഒരാളാണ് ആര്യ ബഡായി എന്ന ആര്യ ബാബു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്കിടയില്‍ കൂടുതല്‍ സുപരിചിതയാകുന്നത്. ഷോയില്‍ രമേഷ് പിഷാരടിയുടെ ഭാര്യയായി വരുന്ന ആര്യയെ എത്രത്തോളം പ്രേക്ഷകർ സ്വീകരിച്ചു എന്നത് വ്യക്തമാക്കുന്നതാണ് പേരിനൊപ്പം ചേർന്ന ബഡായി എന്നത്.
ബഡായി ബംഗ്ലാവിലൂടെ തിളങ്ങിയ ആര്യ പിന്നീട് നിരവധി സിനിമകളിലും അനേകം ടെലിവിഷന്‍ പരിപാടികളുടെ അവതാരകയുമായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ പ്രധാന മത്സരാർത്ഥികളില്‍ ഒരാളുമായിരുന്നു താരം. എന്നാല്‍ നിലവില്‍ താരം അധികം ഷോകളൊന്നും ചെയ്യുന്നില്ല. പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ആര്യ തന്നെ ഇതേക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
ഇനിയെന്റെ മുഖം ടെലിവിഷനില്‍ കാണുമോ എന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ആര്യ രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ ഒരു പോസ്റ്റ് ഇടുന്നത് എന്നതും ശ്രദ്ധേയമാണ്. പോസ്റ്റായിട്ട് ഇടാറില്ലെങ്കിലും താരത്തിന്റേതായ സ്റ്റോറികള്‍ സജീവമായി തന്നെ ഉണ്ടാകാറുണ്ട്.
‘ഞാന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്തിട്ട് കുറച്ച് കാലങ്ങളായി. ഇനി എന്റെ മുഖം ടെലിവിഷനിലൂടെ കാണുമോ എന്ന കാര്യത്തില്‍ എനിക്ക് യാതൊരു ഉറപ്പും ഇല്ല. കുറഞ്ഞ പക്ഷം സോഷ്യല്‍ മീഡിയയിലൂടെയെങ്കിലും ഞാന്‍ എന്നെ കാണിച്ചോട്ടെ. ഇല്ല.. ഇല്ല ചത്തിട്ടില്ല.. ജീവനോടെയുണ്ട് ഗായിസ്’ എന്നാണ് താരം പുതിയ ചിത്രങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.
പുതിയ ചിത്രത്തിന് താഴെ വന്ന ഏതാനും കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്.സ്റ്റാര്‍ട് മ്യൂസിക് ഷോയില്‍ നിന്ന് ആര്യയെ പുറത്താക്കിയതായി ചില അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ശക്തമാണ്. ഇത് സംബന്ധിച്ചായിരുന്നു ഒരു കമന്റ്. ആര്യ ആങ്കറായി ഇല്ലെങ്കില്‍ സ്റ്റാര്‍ട് മ്യൂസിക് ഷോ ഇനി കാണില്ല എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ‘അയ്യോ, ദയവുചെയ്ത് അങ്ങനെ പറയരുത്. സ്റ്റാര്‍ട്ട് മ്യൂസിക് ഒരു മനോഹരമായ ഷോ ആണ്, ആര് ഹോസ്റ്റ് ചെയ്യുന്നു എന്നത് പ്രധാനമല്ല. നിങ്ങളത് കാണണം. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി’ എന്നായിരുന്നു ആര്യയുടെ മറുപടി. സ്റ്റാര്‍ട്ട് മ്യൂസിക് എന്ന ആര്യ അവതാരകയായ ഷോയുടെ പുതിയ സീസണ്‍ ഉണ്ടാകില്ലെന്ന് സൂചനകളും പുറത്ത് വരുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസണ്‍ 6 താരം ആര്യയുടെ അടുത്ത സുഹൃത്തുമായ സിബിനുമായി ബന്ധപ്പെടുത്തിയുള്ളതായിരുന്നു അടുത്ത കമന്റ്. ‘എല്ലാം സിബിന്‍ കാരണമാണ് മോളേ. അവനെ നീ പണ്ടേ കട്ട് ചെയ്ത് കളയണമായിരുന്നു. ഒരു സുഹൃത്തിനെ സെലക്ട് ചെയ്യുമ്പോഴും ശ്രദ്ധിക്കണമെന്ന് ഇപ്പോ മനസ്സിലായില്ലേ. സമ്മതിച്ച് തരില്ലെന്ന് അറിയാം ,പക്ഷെ ഇതാണ് സത്യമെന്ന് നി നിന്നെ സ്വയം ബോധ്യപ്പെടുത്തിയാല്‍ മതി’ എന്നായിരുന്നു ആ കമന്റ്.
മേല്‍ സൂചിപ്പിച്ച കമന്റിന് പരിഹാസ രൂപത്തിലുള്ള മറുപടിയാണ് ആര്യ നല്‍കിയിരിക്കുന്നത്. ‘ശെന്റെപൊന്നേ ഇതെവിടെ ആയിരുന്നു ഇത്രയും കാലം. ഇതിനിപ്പോ എങ്ങനെയാ ചാര്‍ജ്? ഡെയ്‌ലി ആണോ? മന്ത്‌ലി ആണോ? അതോ സീസണല്‍ ആണോ?’ എന്നായിരുന്നു ആര്യയുടെ മറുപടി.