KeralaNews

ഷാരോൺ വധക്കേസ്: മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കാമുകൻ പാറശാല മുര്യങ്കര സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷംനൽകി കൊന്ന കേസിലാണ് ജാമ്യം. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവര്‍ക്ക് നേരത്തേ ജാമ്യം നൽകിയിരുന്നു. 

2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോടു പറഞ്ഞത്. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.

10 മാസത്തെ ആസൂത്രണത്തിനുശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റപത്രം. ഒന്നര വർഷത്തെ പ്രണയത്തിനൊടുവിലാണ് ഗ്രീഷ്മയും ഷാരോണുമായുള്ള ബന്ധത്തിൽ അകൽച്ച വരുന്നത്. തമിഴ്നാട് സ്വദേശിയായ സൈനികനുമായുള്ള വിവാഹം നിശ്ചയിച്ചതോടെ പ്രണയത്തിൽനിന്ന് പിന്മാറാൻ ഗ്രീഷ്മ തീരുമാനിച്ചു.

രണ്ടു ജാതികളിലായതിനാൽ വീട്ടുകാർ സമ്മതിക്കില്ലെന്നു പറഞ്ഞെങ്കിലും പിന്മാറാൻ ഷാരോൺ തയാറായില്ല. വിവാഹം കഴിക്കുന്നയാൾ മരണപ്പെടുമെന്ന് ജാതകത്തിലുണ്ടെന്നു പറഞ്ഞിട്ടും അന്ധവിശ്വാസമാണെന്നു പറഞ്ഞ് ഷാരോൺ തള്ളി. മരിക്കുന്നെങ്കിൽ താൻ മരിക്കട്ടെയെന്നു പറ‍ഞ്ഞ് ഗ്രീഷ്മയുടെ കഴുത്തിൽ താലി കെട്ടി. ഫോൺ ചാറ്റുകളും ഒരുമിച്ചുള്ള ദൃശ്യങ്ങളും ഷാരോണിന്റെ പക്കലുള്ളതിനാൽ രഹസ്യമായി ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു.

2021 ജനുവരി അവസാനം മുതൽ ഷാരോണിനെ കൊലപ്പെടുത്താനുള്ള ശ്രമം തുടങ്ങി. ഇതിനായി ഗൂഗിളിനെ ആശ്രയിച്ചു. ചെറിയ അളവിൽ വിഷം നൽകി എങ്ങനെ കൊലപ്പെടുത്താമെന്നും, വിഷം നൽകിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളും സ്വന്തം ഫോണിലൂടെ ഗ്രീഷ്മ മനസിലാക്കി. വിഷം നൽകുന്നതിനാണ് ജൂസ് ചാലഞ്ച് തിരഞ്ഞെടുത്തത്.

തമിഴ്നാട്ടിലെയും കേരളത്തിലെയും വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് പോയപ്പോൾ ജൂസിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചു. രുചി വ്യത്യാസം കാരണം ഷാരോൺ ജൂസ് അധികം കഴിച്ചില്ല. കാലാവധി കഴിഞ്ഞ ജൂസ് ആയതിനാലാണ് രുചി വ്യത്യാസമെന്ന് ഗ്രീഷ്മ വിശ്വസിപ്പിച്ചു. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്.

സംഭവത്തെക്കുറിച്ച് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മയുടെ സഹോദരൻ നിർമൽ കുമാറിനും അറിയാമായിരുന്നു. എന്നാൽ‌, ഹോട്ടൽ ജീവനക്കാരനായ അച്ഛന് അറിവില്ലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker