തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു, ചെയ്തത് തെറ്റണന്നെങ്കിലും സമ്മതിയ്ക്കൂ, സുരേഷ് ഗോപിയ്ക്കെതിരെ ഷാനിമോൾ ഉസ്മാൻ
ആലപ്പുഴ:വിഷുക്കൈനീട്ട വിവാദത്തിൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്. തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിരുന്നു സുരേഷ് ഗോപിയുടെ നടപടി. സ്ത്രീകൾ കാൽപിടിച്ചപ്പോൾ ഒരൽപം ഉളുപ്പ് തോന്നിയില്ലല്ലോ. തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു. ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും പറയണമെന്നും ഷാനിമോൾ ഉസ്മാൻ കുറിച്ചു. വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെ കാലിൽ നിരവധിപേർ വരിയായി നിന്ന് തൊട്ടുവണങ്ങുന്ന വീഡിയോ പുറത്തായതോടെ സംഭവം വിവാദമായിരുന്നു.
ഷാനിമോൾ ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്
പ്രിയ സുരേഷ് ഗോപീ, അങ്ങ് കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്, സിനിമ ലൊക്കേഷനിൽ മറ്റോ ആണെന്ന് കരുതിയോ? തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ മാതൃകയായിട്ടാണ് താങ്കൾ അവിടെ നടന്ന ആ ചടങ്ങ് നിർവഹിച്ചത്. ഏതെങ്കിലും രണ്ടു പുരുഷന്മാർക് ആ പറയപ്പെട്ട കൈനീട്ടം കൊടുക്കാമായിരുന്നില്ലേ? അങ്ങയുടെ കാൽ ആ സ്ത്രീകൾ പിടിച്ചപ്പോൾ ഒരല്പം ഉളുപ്പ് തോന്നിയില്ലല്ലോ, തമ്പ്രാൻമാരുടെ കാലമൊക്കെ കഴിഞ്ഞു ശ്രീ. സുരേഷ് ഗോപീ, ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും ഒന്ന് പറയൂ താരമേ..
സുരേഷ് ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി രംഗത്ത്. ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ബിജെപി കൈനീട്ടം നൽകും. തൃശൂർ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെയാണ് ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പണം കൊണ്ട് മേൽശാന്തിമാർ കൈനീട്ടം നൽകരുതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം.
ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി വ്യാഴാഴ്ച വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. തൊഴാനെത്തിയ എല്ലാ ഭക്തർക്കും ഇന്ന് വിഷുക്കൈനീട്ടം നൽകുമെന്നും അറിയിച്ചു. സുരേഷ് ഗോപിയെ വിലക്കിയ അതേ കാര്യം ബിജെപി ചെയ്യും. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.
എന്നാൽ സുരേഷ് ഗോപി നൽകിയ പണം ഉപയോഗിച്ച് കൈനീട്ടം നൽകരുതെന്ന ഫത്വയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുറത്തിറക്കിയത്. സിപിഎമ്മിന്റെ തീരുമാനമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. എംഎം വർഗീസ് അല്ല ക്ഷേത്രത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം ദേവസ്വം പ്രസിഡന്റ് വിഷുക്കൈനീട്ടം തടഞ്ഞ സാഹചര്യത്തിൽ അതിൽ പ്രതിഷേധിച്ചാണ് ബിജെപി സമരം നടത്തുന്നതെന്നും അറിയിച്ചു