
കൊച്ചി: സംഗീതനിശയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ വിശദീകരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. ഇത് സാധൂകരിക്കുന്നത് എന്നവകാശപ്പെടുന്ന തെളിവുകളും ഷാന്‍ വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടു.
സംഗീത നിശയില്‍ പങ്കാളിയാകാമെന്ന് പറഞ്ഞ് പരാതിക്കാരനായ നിജു രാജ് തന്നെ വഞ്ചിച്ചു. 25 ലക്ഷം നിക്ഷേപിക്കാമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ല. ആകെ തന്നത് അഞ്ച് ലക്ഷം രൂപയാണ്. തന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി ആ അഞ്ച് ലക്ഷം രൂപ തിരികെ വാങ്ങി. അതല്ലാതെ നിജുവിനെ സാമ്പത്തികമായി വഞ്ചിച്ചിട്ടില്ലെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു.
കൊച്ചിയില്‍ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം ഉണ്ടായി. ആ നഷ്ടം സംഗീത നിശയില്‍ പങ്കാളിയായ നിജുവിനും ഉണ്ടായി. ഇക്കാര്യം സ്ഥാപിക്കാനുള്ള രേഖകളും ഷാന്‍ റഹ്‌മാന്‍ പുറത്തുവിട്ടു.
വഞ്ചനാ കേസില്‍ ഷാന്‍ റഹ്‌മാനും ഭാര്യയും കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും പോലീസ് ഇരുവരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. പരാതിക്കാരന്റെ മൊഴി വീണ്ടുമെടുക്കുമെന്ന് പോലീസ് അറിയിച്ചു.
തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഷാന്‍ റഹ്‌മാനും ഭാര്യ സൈറ ഷാനും നേരത്തേ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നാണ് ഇരുവരും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.