ബ്ലാക്ക് മെയ്‌ലിംഗ് കേസില്‍ നിര്‍ണായക അറസ്റ്റ്; നടന്‍ ധര്‍മ്മജനോട് കമ്മീഷ്ണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

കൊച്ചി: നടി ഷംനാ കാസിം ബ്ലാക്ക്‌മെയ്ലിംഗ് കേസില്‍ നിര്‍ണായക അറസ്റ്റ്. മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസാണ് പിടിയിലായത്. ഇയാള്‍ തൃശൂര്‍ സ്വദേശിയാണ്. മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഹാരിസിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

ഈ സംഭവത്തില്‍ ഇതുവരെ ലൈംഗികാതിക്രമമോ, മാനഭംഗമോ നടന്നതായി പരാതി ലഭിച്ചിട്ടില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ പിടിയിലായത്. ഷംനയുടെ മാതാവ് നല്‍കിയ പരാതി പ്രകാരമാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു, തന്നില്ലെങ്കില്‍ കരിയര്‍ ഇല്ലാതാക്കുമെന്നു പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.

കാസര്‍ഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിനുവേണ്ടി വിവാഹ ആലോചനയുമായി വന്നവര്‍ ഒരാഴ്ചകൊണ്ട് കുടുംബവുമായി അടുത്തെന്ന് ഷംന പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ നാല്‍വര്‍ സംഘം വീഡിയോ പകര്‍ത്തിയത് സംശയത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണു സംഘം ഒരു ലക്ഷം രൂപ നല്‍കണമെന്ന ഭീഷണി ഉയര്‍ത്തിയതെന്ന് ഷംനയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group

അതേസമയം കേസുമായി ബന്ധപ്പെട്ട് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മൊഴി രേഖപ്പെടുത്തും. ധര്‍മജനോട് കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്തിന് താരങ്ങളെ സമീപിച്ചെന്നാണ് സൂചന.