ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചു, രാത്രിയിൽ നാട്ടുകാർക്കൊപ്പം സമരത്തിനിറങ്ങി ഷക്കീല
ചെന്നൈ: ഫ്ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീല. ചൂളൈമേട്ടിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ നടക്കുന്ന സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല എത്തിയത്. 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളം വിച്ഛേദിച്ചിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കള്‍ക്ക് വേണ്ടിയുള്ള പണം അടയ്ക്കാത്തിന്റെ പേരിലാണ് കുടിവെള്ളം വിച്ഛേദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവാക്കള്‍ അടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് പിന്തുണയുമായി ഷക്കീല സ്ഥലത്തെത്തിയത്. പണത്തിന്റെ പേരില്‍ കുടിവെള്ളം നിഷേധിക്കരുത്. കുട്ടികളടക്കം താമസിക്കുന്നവരോട് അനീതി കാണിക്കരുത്. കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നും ഷക്കീല അധികൃതരോട് ആവശ്യപ്പെട്ടു. സമരത്തില്‍ ഇടപ്പെട്ട ഷക്കീലയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തുന്നത്.
സിനിമയില്‍ സജീവമല്ലാത്ത ഷക്കീല, നിലവില്‍ ഒരു യുട്യൂബ് ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. നിരവധി സാമൂഹികവിഷയങ്ങളിലും ഇടപെടുന്ന വ്യക്തി കൂടിയാണ് ഷക്കീല.