ഞാന്‍ മുസ്ലീം, ഭാര്യ ഹിന്ദു, മക്കള്‍ ഇന്ത്യക്കാര്‍; കൈയ്യടി നേടി ഷാരൂഖ് ഖാന്‍
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നതിനിടെ മതേതര കാഴ്ചപ്പാടുകള്‍ ആവര്‍ത്തിച്ച് വീണ്ടും കൈയടി നേടി ബോളിവുഡ് കിങ് ഷാരൂഖ് ഖാന്‍. താന്‍ മുസ്‌ലിമും ഭാര്യ ഹിന്ദുവും മക്കള്‍ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിന്റെ പ്രസ്താവന ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മക്കളുടെ സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷാഫോമില്‍ മതം ചോദിക്കുന്ന ഭാഗത്ത് ‘ഇന്ത്യന്‍’ എന്നാണ് രേഖപ്പെടുത്തിയതെന്നും ഷാരൂഖ് വ്യക്തമാക്കി. വീട്ടില്‍ ഒരിക്കലും മതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്താറില്ലെന്ന് മുമ്പും ഷാരൂഖ് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു ചാനലിന്റെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്.
‘ഞങ്ങള്‍ ഒരിക്കലും മതത്തെ കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. എന്റെ ഭാര്യ ഹിന്ദുവാണ്. ഞാന്‍ മുസ്‌ലിമും. ഞങ്ങളുടെ മക്കള്‍ ഇന്ത്യക്കാരും. മക്കളെ സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് അപേക്ഷാഫോമില്‍ മതം ഏതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. ചെറുതായിരിക്കുമ്പോള്‍ മകള്‍ ഒരിക്കല്‍ എന്നോട് ചോദിക്കുകയുമുണ്ടായി-‘പപ്പ, നമ്മള്‍ ഏത് മതത്തില്‍പ്പെട്ടവരാണ്’ എന്ന്. ഞാന്‍ അതില്‍ എഴുതിയത് നമ്മള്‍ ഇന്ത്യക്കാര്‍ ആണെന്നാണ്. ഞങ്ങള്‍ക്ക് മതമില്ല. ഉണ്ടാവുകയുമില്ല’- ഷാരൂഖ് പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ് മത്സരാര്‍ഥികളും അവതാരകരും വിധികര്‍ത്താക്കളും കാണികളും സ്വീകരിച്ചത്.