‘സ്വന്തമായി അഡ്രസ്സ് ഇല്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ്പ് പബ്ലിസിറ്റിയ്ക്ക് ശ്രമിക്കും’; വി.ടി ബല്‍റാമിനെ വലിച്ച് കീറി ഒട്ടിച്ച് വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ
തിരുവനന്തപുരം: പിരിവിട്ട് രമ്യ ഹരിദാസ് എം.പിക്ക് കാര്‍ വാങ്ങി കൊടുക്കാനുള്ള നീക്കം വിവാദമായതിന് പിന്നാലെ ഇ.എം.എസിനെതിരെ ആക്ഷേപം ഉന്നയിച്ച വി.ടി ബല്‍റാം എംഎല്‍എക്ക് മറുപടിയുമായി വനിതാ കമ്മീഷന്‍ അംഗവും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഡോ. ഷാഹിദ കമാല്‍. ഫേസ്ബുക്കിലൂടെയാണ് ഷാഹിദ ബല്‍റാമിന് മറുപടിയുമായി രംഗത്ത് വന്നത്.
‘ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകള്‍ മാലതിയാണ്. അവള്‍ക്ക് രണ്ടു വോയില്‍ സാരി കൊടുക്കുക. അല്‍പ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തില്‍ നിന്ന് കടം തീര്‍ത്തു കൊള്ളാം’ എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാല്‍ അത് ലാളിത്യം ഇങ്ങനെയാണ് ബല്‍റാം പോസ്റ്റില്‍ കുറിച്ചത്. ഇതിന് മറുപടിയായി, എന്തേ ഷാഹീ ഈ കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ?… എന്നാണ് ഷാഹിദയുടെ പോസ്റ്റ് ആരംഭിക്കുന്നത്.
ഷാഹിദയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :
എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ?…….. മകള്‍ എന്ന നിലയില്‍ വല്ലാത്ത വിഷമം
ഇത് സഖാവ് EMS ന്റെ മകള്‍ ശീമതി. EM രാധ. എന്റെ അടുത്ത സുഹൃത്ത്, സഹപ്രവര്‍ത്തക.
ഇപ്പോള്‍ ഈ ഫോട്ടോ ഇവിടെ വേണമെന്ന് എനിക്ക് തോന്നി. പിതാവായ EMS ഒന്നും കാണാന്‍ ഈ ലോകത്ത് ഇല്ലായെന്നറിഞ്ഞിട്ടും, പിതാവ് കാട്ടികൊടുത്ത വഴികളിലൂടെ ഇന്നും ലളിതവും സൗമ്യവുമായ ജീവിതം നയിക്കുന്ന വൃക്തിയാണ് ഞാനറിയുന്ന രാധേച്ചി.
മിക്കവാറും ഒരുമിച്ചാണ് ഞങ്ങള്‍ യാത്ര. യാത്രയിലെല്ലാം പിതാവിനെ കുറിച്ച് പറയാറുണ്ട്. പിതാവിന്റെ പേരോ പദവിയോ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായെന്ന കര്‍ശന നിര്‍ദ്ദേശത്തില്‍ വളര്‍ത്തിയ അമ്മ. എന്താവശ്യവും അമ്മയോടാണ് പറഞ്ഞി രുന്നത്. അമ്മയാണ് ഞങ്ങളുടെ ആവശ്യങ്ങള്‍ നടത്തി തന്നിരുന്നത്. മക്കളായ ഞങ്ങള്‍ക്ക് സാരി വാങ്ങാന്‍ കത്തെഴുതിയത് ഞങ്ങള്‍ അറിഞ്ഞിട്ടില്ല. ഞങ്ങളാരും സാരി വാങ്ങാന്‍ പോയിട്ടുമില്ല. എന്തേ ഷാഹീ ഈ കോണ്‍ഗ്രസ്സുകാര്‍ ഇങ്ങനെ ….
വില കുറഞ്ഞ പ്രശസ്തിക്കു വേണ്ടി
തന്റെ പിതാവിനെ അനാവശ്യമായി വലിച്ചിഴക്കുന്നത് ഒരു മകള്‍ എന്ന നിലയില്‍ തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് വളരെ വിഷമത്തോടെ ഇന്ന് അവര്‍ എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ അവരെ ആശ്വസിപ്പിച്ചു. രാധേച്ചി അതൊന്നും കാര്യമാക്കണ്ട.
ചില അല്പന്‍മാര്‍ അങ്ങനയാണ്. സ്വന്തമായി അഡ്രസ്സില്ലാത്തവര്‍ അഡ്രസ്സുള്ളവരുടെ പേരുപയോഗിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കും. അത് അവരുടെ കുറ്റമല്ല. മതിയായ ചികിത്സ നല്‍കിയാല്‍ മതി.
ബൽറാമിന്റെ പഴയ പോസ്റ്റ് ഇപ്രകാരമാണ്.
“ഈ കത്തുമായി വരുന്ന കുട്ടി എന്റെ മകൾ മാലതിയാണ്. അവൾക്ക് രണ്ടു വോയിൽ സാരി കൊടുക്കുക. അൽപ്പം ബുദ്ധിമുട്ടിലാണ്. അടുത്ത മാസത്തെ ശമ്പളത്തിൽ നിന്ന് കടം തീർത്തു കൊള്ളാം” എന്ന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ഒരു നമ്പൂതിരിപ്പാട് പറഞ്ഞാൽ അത് ലാളിത്യം, വിനയം, സുതാര്യത, അഴിമതിയില്ലായ്മ. മുഖ്യമന്ത്രിയുടെ ശമ്പളവും ആനുകൂല്യങ്ങളും ലിസ്റ്റ് നിരത്തി രണ്ട് സാരി വാങ്ങാൻ അദ്ദേഹത്തിന് ഗതിയില്ലേ എന്നാരും ചോദിക്കില്ല. കാരണം ഒന്നാമത് അദ്ദേഹം ബ്രാഹ്മണനാണ്. അതിലുപരി അദ്ദേഹം കമ്മ്യൂണിസ്റ്റ് താത്വികാചാര്യനുമാണ്.
എന്നാൽ, കേരളത്തിലെ ഏറ്റവും ദരിദ്രയായ പാർലമെന്റംഗമായ, നിരവധി കടബാധ്യതകളുള്ള ഒരു ദലിത് പെൺകുട്ടിക്ക് സ്വന്തം സഹപ്രവർത്തകർ പിരിവിട്ട് ഒരു വാഹനം വാങ്ങിക്കൊടുത്താൽ അത് ആർത്തി, ആക്രാന്തം, അഹങ്കാരം, അട്ടയെ പിടിച്ച് മെത്തയിൽക്കിടത്തൽ.
മഹാനായ അംബേദ്കർ “എ ബഞ്ച് ഓഫ് ബ്രാഹ്മിൺ ബോയ്സ്” എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകാർക്കിടയിൽ പ്രിവിലിജിന്റെ അങ്ങേത്തലക്കലുള്ള സവർണ്ണന്റെ പ്രച്ഛന്ന ദാരിദ്ര്യത്തിനേ ഇന്നും മാർക്കറ്റുള്ളൂ.