തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. നിയമനം സംസ്ഥാന നേതൃത്വം അറിയാതെയാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത് താനാണ്. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വികാരം ഉള്‍ക്കൊണ്ട് ദേശീയ നേതൃത്വം നിയമനം റദ്ദാക്കുകയായിരുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തിയുള്ള യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ പട്ടിക വിവാദമായിരുന്നു. അര്‍ജുന്‍ രാധാകൃഷ്ണന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു വക്താക്കള്‍.
പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം. സംഭവം വിവാദമായതോടെ പട്ടിക മരവിപ്പിക്കുകയായിരുന്നു.