പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. സംഭവത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനും രണ്ടാം പ്രതി പി.എസ്.സി ചെയര്‍മാനുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഒഴിവുണ്ടായിട്ടും റാങ്ക് ലിസ്റ്റ് റദ്ദാക്കിയത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യവും, പിഎസ്സിയുടെ രാഷ്ട്രീയ നിലപാടും കാരണമാണെന്ന് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ നാളെ പിഎസ്സി ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പട്ടിണി സമരം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഷാഫി പറമ്പില്‍ പറഞ്ഞു.
യോഗ്യതയില്ലാത്തവര്‍ക്ക് മുഖ്യമന്ത്രിയേക്കാള്‍ ശമ്പളം, യോഗ്യതയുള്ളവര്‍ക്ക് ഒരു മുളം കയര്‍ എന്നതാണോ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ 77 റാങ്കുകാരനായിരുന്ന അനു ആണ് ജീവനൊടുക്കിയത്. എല്ലാത്തിനും കാരണം ജോലിയില്ലായ്മ എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു.
മരിച്ച യുവാവിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജില്‍ സോറി എന്ന ഒറ്റ വരിയില്‍ ബല്‍റാം കുറിപ്പൊതുക്കി. യുവാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ ഫോട്ടോയും ബല്‍റാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യ കുറിപ്പില്‍ എഴുതി.