‘ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര്‍ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരണ്ട’ തുറന്നടിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ
തിരുവനന്തപുരം: ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര്‍ രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കാന്‍ വരണ്ടെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഷാഫി പറമ്പില്‍ ബിജെപിക്ക് എതിരെ തുറന്നടിച്ചത്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈനരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ഫാസിസം എന്നാണ്. അതിനെ എന്തു വില കൊടുത്തും ചെറുക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഷാഫി പറമ്പില്‍ പറഞ്ഞു. രാജ്യസ്നേഹികളും കപട രാജ്യസ്നേഹികളും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമായി കാണുന്നത് ഫാസിസത്തിന്റെ മറ്റൊരു അടയാളമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.