KeralaNews

വയനാട് സമരത്തിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല, തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ

തിരുവനന്തപുരം: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ (Rahul Gandhi MP Office) ഓഫീസ് നേർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം. സംരക്ഷിത വനമേഖലയുടെ ബഫർ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാൻ എസ്എഫ്ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല.

ഇന്ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിന് സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും. ഒറ്റപ്പെട്ട ഈ സംഭവം ഉയർത്തിപ്പിടിച്ച് എസ്എഫ്ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിൻ്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാർത്ഥികളും തിരിച്ചറിയണം.

അവസരം മുതലെടുത്ത് എസ്എഫ്ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുത്തു തോൽപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.  നേരത്തെ, വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ സിപിഎം തള്ളിയിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ പി ജയരാജൻ പറഞ്ഞു.

എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ദില്ലിയിലും മറ്റും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇ പി ജയരാജൻ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് കണ്‍വീനറായ ഇപി ജയരാജനും മാ‍ര്‍ച്ചിനേയും അക്രമത്തേയും തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ എസ്എഫ്ഐ ഒറ്റപ്പെട്ട അവസ്ഥയിലായി. അക്രമത്തെക്കുറിച്ച് പ്രതികരിച്ച സിപിഎം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനും എസ്എഫ്ഐയെ ന്യായീകരിക്കാതെയുള്ള പ്രതികരണമാണ് നടത്തിയത്.

എസ്എഫ്ഐ മാ‍ര്‍ച്ചിനെക്കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നുവെങ്കിലും ഇങ്ങനെയൊരു അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് ആരും കരുതിയില്ല. അക്രമത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ ഇൻ്റലിജൻസ് റിപ്പോര്‍ട്ടുകളൊന്നുമുണ്ടായിരുന്നില്ല. ആക്രമണത്തിന് പിന്നാലെ പിണറായി വിജയനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങിയതോടെ എസ്എഫ്ഐ വെട്ടിലായ സ്ഥിതിയാണ്. എസ്എഫ്ഐ അക്രമണത്തിന് പിന്നാലെ അവരെ സംരക്ഷിക്കാൻ സ്ഥലത്ത് എത്തി പൊലീസുമായി ഏറ്റുമുട്ടിയ ഡിവൈഎഫ്ഐയും വിഷയത്തിൽ കുടുങ്ങി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker