14-ാം വയസില്‍ അച്ഛനില്‍ നിന്നുണ്ടായ ലൈംഗിക അതിക്രമം, തുറന്ന് പറഞ്ഞത് ; ധൈര്യം തന്നത് ഹെയര്‍ ഡ്രസ്സര്‍
ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ഒരുകാലത്ത് ഖുശ്ബു. ആരാധകര്‍ ഖുശ്ബുവിനായി അമ്പലം പോലും പണിതിട്ടുണ്ട്. തെന്നിന്ത്യയാകെ നിറഞ്ഞു നിന്ന ഖുശ്ബു അന്ന് അഭിനേത്രി മാത്രമല്ല, രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്. സിനിമാലോകത്തും പുറത്തുമൊക്കെ ഖുശ്ബു നേടിയെടുത്ത നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. എന്നാല്‍ തന്റെ കുട്ടിക്കാലത്ത് ഖുശ്ബുവിന് നേരിടേണ്ടി വന്നത് കൊടിയ യാതനകളായിരുന്നു.
തന്റെ അച്ഛനില്‍ നിന്നുമുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് മുമ്പൊരിക്കല്‍ ഖുശ്ബു തുറന്ന് പറഞ്ഞിരുന്നു. താരത്തിന്റെ തുറന്ന് പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു. കൊച്ചുകുഞ്ഞായിരിക്കെയാണ് താരത്തിന് അച്ഛനില്‍ നിന്നും ദുരനുഭവമുണ്ടായത്. ഇപ്പോഴിതാ അതേക്കുറിച്ച് താരം സംസാരിക്കുകയാണ്.
”അദ്ദേഹം എന്നെ ദുരുപയോഗം ചെയ്തു. എന്റെ സഹോദരന്മാരെ മര്‍ദ്ദിക്കുമായിരുന്നു. എന്റെ അമ്മയേയും സഹോദരന്മാരേയും ശാരീരികമായ ഉപദ്രവിച്ചു. അവരെ ബെല്‍റ്റ് വച്ചും ഷൂസിന്റെ ഹീലു വച്ചുമെല്ലാം തല്ലുമായിരുന്നു. എന്റെ അമ്മയെ ഇടിക്കുമായിരുന്നു. ഞങ്ങള്‍ അതെല്ലാം കണ്ടിട്ടുണ്ട്. അമ്മയുടെ തല പിടിച്ച് ചുമരില്‍ ഇടിക്കും. അത്രയും ഉപദ്രവിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്” താരം പറയുന്നു.
”അയാളുടെ ഉപദ്രവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ അതിന്റെ പേരില്‍ കൂടുതല്‍ ഇടി കിട്ടും എന്ന പേടിയായിരുന്നു. അതിനാല്‍ ഞാന്‍ എല്ലാം ഒതുക്കി വച്ചു. എന്റെ അമ്മയേയും സഹോദരനേയും തല്ലുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ ആകെ ഭയന്നു പോയിരുന്നു” എന്നാണ് താരം തനിക്ക് നേരിട്ട അതിക്രമം തുറന്ന് പറയാതിരുന്നതിനെക്കുറിച്ച് പറയുന്നത്. സിനിമയില്‍ എത്തുന്നതോടെയാണ് ഖുശ്ബുവിന്റെ ജീവിതം മാറുന്നത്. പതിയെ താരം അച്ഛനെ നേരിടാനുള്ള ധൈര്യവും ആത്മവിശ്വാസവും നേടിയെടുക്കുകയായിരുന്നു.
”ചെന്നൈയിലേക്ക് മാറിയതോടെയാണ് എനിക്ക് സംസാരിക്കാനുള്ള ആത്മവിശ്വാസമുണ്ടാകുന്നത്. 14 വയസുള്ളപ്പോഴാണ് ഞാന്‍ ആദ്യമായി സംസാരിക്കുന്നത്”താരം പറയുന്നു. തന്റെ ഹെയര്‍ ഡ്രസ്സര്‍ ആയിരുന്ന ഉബിന്‍ ആണ് തനിക്ക് സംസാരിക്കാനുള്ള ധൈര്യം നല്‍കുന്നതെന്നാണ് ഖുശ്ബു പറയുന്നത്.
”അവര്‍ അയാളുടെ തൊടലുകള്‍ ശ്രദ്ധിച്ചിരുന്നു. നാല് മക്കളെ ഒറ്റയ്ക്ക് നോക്കിയതിന്റെ അനുഭവം അവര്‍ക്കുണ്ടായിരുന്നു. ഇയാള്‍ ശരിയല്ലെന്ന് അവര്‍ക്ക് തോന്നി. എന്നോടുള്ള അയാളുടെ ശരീരഭാഷ ശരിയല്ലെന്ന് അവര്‍ മനസിലാക്കി. അങ്ങനെയാണ് അവര് എന്നോട് സംസാരിക്കുന്നത്. ഞാന്‍ അവരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞു. അവരാണ് അമ്മയോട് പറയണമെന്ന് എന്നോട് ആവശ്യപ്പെടുന്നത്” ഖുശ്ബു പറയുന്നു. എന്നിട്ടും തനിക്ക് രണ്ട് വര്‍ഷം വേണ്ടി വന്നു എല്ലാം തുറന്നു പറയാന്‍ എന്നാണ് താരം പറയുന്നത്.
”സൗത്ത് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ പൂര്‍ണമായും ഇന്‍ഡിപ്പറ്റന്റ് ആയി. അപ്പോഴാണ് ഞാന്‍ സംസാരിക്കാന്‍ തീരുമാനിക്കുന്നത്. അമ്മയോടും സഹോദരന്മാരോടും പറഞ്ഞു. അച്ഛനോട് നോ പറയാന്‍ പഠിച്ചു. അപ്പോഴാണ് പ്രശ്‌നം വലുതായത്. നിനക്ക് എങ്ങനെ നോ പറയാന്‍ സാധിച്ചു? അമ്മയോട് സംസാരിച്ചപ്പോള്‍, ഇത് നോര്‍മല്‍ അല്ല ലൈംഗിക അതിക്രമമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് നോ പറയാന്‍ പഠിക്കുന്നത്” ഖുശ്ബു പറയുന്നു.
അതോടെ അച്ഛന്‍ ലൊക്കേഷനില്‍ വച്ച് പോലും തല്ലാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. എന്നാല്‍ സഹ പ്രവര്‍ത്തകരില്‍ നിന്നും ഖുശ്ബുവിന് പിന്തുണ ലഭിച്ചു. ഒടുവില്‍ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് താരം പറയുന്നത്. ”ഒരു രാത്രി അയാള്‍ ഇറങ്ങിപ്പോയി. 1986 സെപ്തംബറിലാണ് അയാള്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷമാണ് അയാള്‍ മരിച്ചതെന്ന് തോന്നുന്നു. എപ്പോള്‍ എവിടെ എന്നൊന്നും എനിക്ക് അറിയില്ല. അതിന് ശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ല” ഖുശ്ബു പറയുന്നു.