ഏഴ് കോണ്‍ഗ്രസ് എം.പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ കേരളത്തില്‍ നിന്നുള്ള നാലു എം.പിമാരും
ന്യൂഡല്‍ഹി: ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍നിന്ന് സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധിച്ചതിനാണ് സസ്‌പെന്‍ഷന്‍.
ഇതില്‍ കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും ഉള്‍പ്പെടുന്നുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍, ടി.എന്‍.പ്രതാപന്‍, ഗൗരവ് ഗോഗോയ്, മാണിക്കം ഠാക്കൂര്‍, ഗുര്‍ജീത് സിംഗ് എന്നിവര്‍ക്കെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്.
ഈ സമ്മേളന കാലയളവ് തീരുന്നതുവരെയായിരിക്കും സസ്‌പെന്‍ഷന്‍. സ്പീക്കറുടെ ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് ഏഴ് പേരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വാദിച്ചത്. സഭാ നടപടികള്‍ തടസപ്പെടുത്തുന്ന അംഗങ്ങള്‍ക്കെതിരേ നടപടി വേണമെന്ന് ഭരണപക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ അവതരിപ്പിച്ച സസ്‌പെന്‍ഷന്‍ പ്രമേയം ശബ്ദവോട്ടോടെ അംഗീകരിക്കുകയായിരുന്നു.
ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം കനത്ത പ്രതിഷേധമാണ് ഇരു സഭകളിലും ഉയര്‍ത്തുന്നത്. ഇന്ന് സ്പീക്കറുടെ കൈവശമിരുന്ന പേപ്പര്‍ തട്ടിപ്പറിച്ച് പ്രതിപക്ഷ അംഗങ്ങള്‍ കീറിയെറിയുന്ന സാഹചര്യമുണ്ടാകുകയും ചെയ്തു. ഇതോടെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഭരണപക്ഷം രംഗത്തുവന്നത്.