CrimeNationalNews

സയനൈഡ് നൽകി കൊന്നത് നാലുപേരെ; ആന്ധ്രയിൽ പരമ്പര കൊലയാളികളായ മൂന്ന് സ്ത്രീകൾ പിടിയിൽ

അമരാവതി: ആന്ധ്രാപ്രദേശിലെ തെനാലിയില്‍ പരമ്പര കൊലയാളികളായ മൂന്ന് സ്ത്രീകളെ പോലീസ് പിടികൂടി. മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നാല് പേരെ കൊലപ്പെടുത്തിയ കേസിലാണ് മുനഗപ്പ രജനി(40), രജനിയുടെ അമ്മ ജി. രമണമ്മ(60), എം. വെങ്കിടേശ്വരി(32) എന്നിവരെ ഗുണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൊലപ്പെടുത്തിയ നാലില്‍ മൂന്നുപേരും സ്ത്രീകളാണെന്നും കൊലപാതകത്തിന് ശേഷം ആഭരണങ്ങളും പണവും മറ്റുവിലപ്പിടിപ്പുള്ള വസ്തുക്കളും കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതിയെന്നും പോലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണില്‍ ഗുണ്ടൂരിലെ വഡ്‌ലമുഡി ഗ്രാമത്തിലെ ക്വാറിക്ക് സമീപം ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നും കൊല്ലപ്പെട്ടത് ഷെയ്ഖ് നാഗൂര്‍ബി എന്ന സ്ത്രീയാണെന്നും കണ്ടെത്തി. തുടര്‍ന്ന് രണ്ട് പ്രത്യേകസംഘങ്ങളായി പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മൂവര്‍സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് തെളിഞ്ഞത്.

പ്രതികളായ മൂന്നുപേരും തെനാലിയിലെ യാഡ്‌ല ലിംഗയ്യ കോളിനിയിലെ താമസക്കാരാണ്. അറസ്റ്റിലായ രജനി നേരത്തെ കംബോഡിയ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പിലും പങ്കാളിയായിരുന്നു. അമ്മ രമണമ്മയുമായി ചേര്‍ന്ന് സ്വത്തിന് വേണ്ടി രജനി ഭര്‍തൃമാതാവായ സുബ്ബലക്ഷ്മിയെ കൊലപ്പെടുത്തിയിരുന്നു. 2022-ലായിരുന്നു ഈ സംഭവം.

പിന്നീട് 2023 ഓഗസ്റ്റില്‍ തെനാലി സ്വദേശിനിയായ നാഗമ്മ(60)യെയും പ്രതികള്‍ കൊലപ്പെടുത്തി. വായ്പ തിരിച്ചടക്കാനുള്ള പണം കണ്ടെത്താനായിരുന്നു ഈ കൊലപാതകം. ഇതിനുശേഷം ഇവരുടെ സുഹൃത്തായ ഭൂദേവി എന്ന സ്ത്രീയുടെ ഭര്‍ത്താവിനെയും പ്രതികള്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തി. ഭൂദേവിയെ നിരന്തരം ഉപദ്രവിച്ചതിന് പ്രതികാരമായാണ് ഈ കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ മൊഴി. ഇതിനുപുറമേ മൂന്ന് സ്ത്രീകളെ കൂടി സമാനരീതിയില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

സ്ത്രീകളെ കൊലപ്പെടുത്തി അവരുടെ കൈവശമുള്ള ആഭരണങ്ങളും പണവും കൊള്ളയടിക്കുക എന്നതായിരുന്നു മൂവര്‍സംഘത്തിന്റെ രീതി. എന്നാല്‍, നാഗൂര്‍ബിയുടെ മരണത്തില്‍ പ്രതികളുടെ പദ്ധതി പാളി. നാഗൂര്‍ബിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ചില സംശയങ്ങള്‍ ഉന്നയിച്ചതോടെ പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

നാഗൂര്‍ബിയെ കാണാതാകുന്ന സമയത്ത് രജനിയും വെങ്കിടേശ്വരിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംഭവദിവസം പ്രതികള്‍ നാഗൂര്‍ബിക്കൊപ്പം ഓട്ടോയില്‍ സഞ്ചരിച്ചതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് നേരത്തെ നടത്തിയ കൊലപാതകങ്ങളെക്കുറിച്ചും പ്രതികള്‍ വെളിപ്പെടുത്തിയത്.

വെങ്കിടേശ്വരിയും രജനിയുമാണ് നാഗൂര്‍ബിയുമായി സൗഹൃദംസ്ഥാപിച്ച് കൊലപാതകം നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്ര പോകാമെന്നും വിരുന്ന് നല്‍കാമെന്നും പറഞ്ഞാണ് പ്രതികള്‍ സ്ത്രീയെ കൊണ്ടുപോയത്. തുടര്‍ന്ന് വൈനില്‍ സയനൈഡ് കലര്‍ത്തി സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈയിലുണ്ടായിരുന്ന പണവും കവര്‍ന്ന് മൃതദേഹം ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായ പ്രതികളില്‍നിന്ന് സയനൈഡ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികള്‍ കവര്‍ന്ന സ്വര്‍ണാഭരണങ്ങളില്‍ ചിലതും കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ക്ക് സയനൈഡ് നല്‍കിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker