പൈലറ്റിനെതിരെ പീഡന പരാതിയുമായി സീരിയല്‍ താരം; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി പരാതി
മുംബൈ: പൈലറ്റായ യുവാവിനെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ താരം രംഗത്ത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗത്തിനിരയാക്കി എന്നാണു മുംബൈ സ്വദേശിനിയായ മോഡല്‍ കൂടിയായ സീരിയല്‍ താരം നല്‍കിയ പരാതിയില്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് സബര്‍ബന്‍ മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ യുവതി പരാതി സമര്‍പ്പിച്ചത്.
സീരിയല്‍ താരം നല്‍കിയ മൊഴി അനുസരിച്ച് ഇക്കഴിഞ്ഞ ഡിസംബറില്‍ ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പൈലറ്റായ യുവാവിനെ പരിചയപ്പെട്ടത്. ഭോപ്പാല്‍ സ്വദേശിയായ ഇയാല്‍ നിലവില്‍ മുംബൈയിലാണ് താമസം. പരസ്പരം പരിചയപ്പെട്ടതോടെ ഫോണ്‍വിളികളും സോഷ്യല്‍ മീഡിയ ചാറ്റുകളും പതിവായി എന്നും തുടര്‍ന്ന് ഒരാഴ്ച മുന്‍പ് പ്രതി തന്നെ വിളിച്ചു നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ഇതേ തുടര്‍ന്ന് യുവതി ഇയാളെ മുംബൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് യുവതിയെ ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. അധികം വൈകാതെ തന്നെ വിവാഹം കഴിക്കാമെന്നാണ് പ്രതി ഉറപ്പു നല്‍കിയിരുന്നതെന്നും യുവതി പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും ഈ വാക്ക് പാലിക്കാന്‍ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.