31.1 C
Kottayam
Monday, April 29, 2024

പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കവെ സഹോദരന്‍ നദിയില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ കയത്തില്‍പ്പെട്ട് ദാരുണാന്ത്യം

Must read

കിളിമാനൂര്‍: പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കവേ നദിയില്‍ വീണ സഹോദരനെ രക്ഷിക്കാന്‍ ശ്രമിച്ച പതിനഞ്ചുകാരന്‍ കയത്തില്‍പ്പെട്ട് മരിച്ചു. കുളത്തൂര്‍ പൗണ്ടുകടവ് പുളിമുട്ടത്ത് ഷഹനാസ് മന്‍സിലില്‍ സുല്‍ഫിക്കര്‍-ഷര്‍മി ദമ്പതികളുടെ മകനും ആക്കുളം എം.ജി.എം സെന്‍ട്രല്‍ പബ്ളിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഷഹനാസാണ് മരിച്ചത്.

വാമനപുരം നദിയിലെ കളമച്ചല്‍ ആറാട്ടു കടവിലായിരുന്നു സംഭവം. ഷഹനാസും എട്ടാം ക്ലാസുകാരനായ സഹോദരന്‍ ഷബാസും റംസാന്‍ കാലമായതിനാല്‍ കാരേറ്റ് കരുവള്ളിയാട് താമസിക്കുന്ന മാതൃസഹോദരിയുടെ മകളുടെ വീട്ടിലെത്തിയതായിരുന്നു. അവിടെനിന്നാണ് മറ്റു മൂന്നുപേരുമായി രണ്ട് കിലോമീറ്റര്‍ അകലെയുള്ള ആറാട്ടുകടവിലെത്തിയത്. അഞ്ചുപേരും പാറപ്പുറത്ത് കയറി സെല്‍ഫിയെടുക്കുമ്പോഴാണ് കാല്‍വഴുതി ഷബാസ് നദിയില്‍ വീണത്.

ഷബാസിനെ കൈനീട്ടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഷഹനാസ് കയത്തിലേക്കു വീണു. ഷബാസിനെ മറ്റുള്ളവര്‍ പിടിച്ചു കരയ്ക്കെത്തിച്ചു. ഷഹനാസിനെ രക്ഷിക്കാനായില്ല.

കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ക്കും നിസഹായരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഫയര്‍ ഫോഴ്സ് നടത്തിയ രക്ഷാപ്രവര്‍ത്തനം നദിയിലെ ശക്തമായ ഒഴുക്കും കയത്തിന്റെ ആഴവും കാരണം വിഫലമായി.

തിരുവനന്തപുരത്ത് നിന്ന് സ്‌കൂബാ ടീമിനെ വരുത്തി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കയത്തില്‍ നിന്ന് പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം പൗണ്ട്കടവ് കാഞ്ഞിരംകോട് മുസ്ലിം പള്ളിയില്‍ കബറടക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week