പത്തനംതിട്ട: മസാല ബോണ്ടിന്റെ പേരില്‍ തനിക്കെതിരേ എടുത്തിരിക്കുന്ന കേസില്‍ ഒരിഞ്ചുപോലും ഇ.ഡി.ക്ക് വഴങ്ങില്ലെന്നും വെറുതേ വിരട്ടാന്‍ നോക്കേണ്ടെന്നും പത്തനംതിട്ടയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ഐസക്. തോമസ് ഐസക്കിനെ ചോദ്യംചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഇ.ഡി.യോട് ചോദിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തായാലും ചൊവ്വാഴ്ച കാണാം. തെളിവുമായി കോടതിയില്‍ വരട്ടെ. നിയമലംഘനം ഉണ്ടെങ്കില്‍ കേസ് എടുക്കണം. ബി.ജെ.പി.യുടെ രാഷ്ട്രീയ ഏജന്‍സിയും അവരുടെ കൊള്ളയടിക്കല്‍ യന്ത്രവുമാണ് ഇ.ഡി. എന്നും തോമസ് ഐസക് ആരോപിച്ചു.
വിദേശത്ത് മസാലബോണ്ട് പുറപ്പെടുവിച്ചതിലൂടെ കിഫ്ബി സമാഹരിച്ച ഫണ്ട് അടിസ്ഥാനവികസന ആവശ്യത്തിനല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇ.ഡി.ക്ക് നിര്‍ദേശംനല്‍കിയിരുന്നു. അന്വേഷണവിവരങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്തണമെന്നല്ല, മറിച്ച് അത്തരമൊരു ആരോപണം ഇ.ഡി. ഉന്നയിക്കുന്നതിനാലാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ടി.ആര്‍. രവി വ്യക്തമാക്കി.
ഇതിനായി ഏപ്രില്‍ ഒമ്പതിന് വിഷയം വീണ്ടും പരിഗണിക്കും. മസാലബോണ്ട് പുറപ്പെടുവിച്ചതില്‍ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്നാണ് ഇ.ഡി.യുടെ ആരോപണം.
കിഫ്ബി ഫണ്ട് മറ്റാവശ്യത്തിനായി വിനിയോഗിച്ചു എന്ന് ബോധ്യപ്പെടുത്താനായില്ലെങ്കില്‍ ചോദ്യംചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് കോടതി. അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി. നല്‍കിയ സമന്‍സ് ചോദ്യംചെയ്ത് കിഫ്ബിയും മുന്‍മന്ത്രി തോമസ് ഐസക്കും നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം. രേഖാമൂലം നല്‍കിയ കാര്യങ്ങളില്‍ മൊഴിനല്‍കേണ്ട ആവശ്യമില്ലല്ലോ എന്നും കോടതി പറഞ്ഞു.
ധനകാര്യമന്ത്രി എന്നനിലയിലായിരുന്നു കിഫ്ബിയുമായി ബന്ധമെന്നും 2021 മേയ്മുതല്‍ ആ ബന്ധമില്ലെന്നും അതിനുമുമ്പുനടന്ന കാര്യങ്ങളുടെ പേരിലാണ് ഹാജരാകണമെന്ന് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്നും തോമസ് ഐസക്കിനായി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്ത അറിയിച്ചു.
36 മാസമായി അന്വേഷണം നടക്കുകയാണ്. എന്നിട്ടും പണം മാറ്റി ഉപയോഗിച്ചെന്ന് കണ്ടെത്താനായിട്ടില്ല. ഫണ്ട് വിനിയോഗിച്ചതിന്റെ രേഖകള്‍ ആര്‍.ബി.ഐ.യും സി.എ.ജി.യുമൊക്കെ പരിശോധിച്ച് ശരിവെച്ചതാണ്. കേരളത്തിനു പുറമേ 19 സംസ്ഥാനങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും മസാലബോണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.പക്ഷേ, കേരളത്തിനെതിരേ മാത്രമാണ് അന്വേഷണം -കിഫ്ബിക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷകന്‍ അരവിന്ദ് ദത്താര്‍ വാദിച്ചു.