മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ചു; ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: എം. ശിവശങ്കറിനെ പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കയേറ്റം ചെയ്ത ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍.

പി.ആര്‍.എസ് ആശുപത്രിയില്‍ നിന്ന് എം. ശിവശങ്കറിനെ മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശുപത്രി ജീവനക്കാര്‍ വനിതാമാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവരെ മര്‍ദിച്ചത്. കയേറ്റ ശ്രമത്തിനിടെ മൂന്നു ക്യാമറകള്‍ക്കും കേട്പാട് സംഭവിച്ചു. മാധ്യമപ്രവര്‍ത്തകരുടെ പരാതിയില്‍ ആശുപത്രി ജീവനക്കാരന്‍ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാധ്യമ പ്രവര്‍ത്തകരെ കൂടുതലായി മര്‍ദിച്ച ആശുപത്രി ജീവനക്കാരന്‍ കിരണ്‍ ആശുപത്രിക്കുള്ളിലേക്ക് ഓടിക്കയറി. ഇയാളെ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഉന്നത പൊലീസുദ്യോഗസ്ഥരെത്തി ജീവനക്കാരനെ കസ്റ്റഡിയിലെടുക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ പരാതിയില്‍ പി.ആര്‍.എസ് ജീവനക്കാരന്‍ കിരണിനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു.