HealthKeralaNews

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം കുറച്ചുദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കൊവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എണ്ണത്തില്‍ വലിയ കുറവ് കാണുന്നില്ല. കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി 11 സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു.

മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഉയരുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 43,000 ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് 6.75 കോടി പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നത്. അടുത്തഘട്ടം മാര്‍ച്ച് ഒന്നിനാണ് ആരംഭിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു. രാജ്യത്ത് നിലവില്‍ 6,75,36,392 പേര്‍ക്കാണ് കോവിഡ് വാക്‌സിന്‍ നല്‍കിയത്.

അതേസമയം കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനമുണ്ടായേക്കാമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി പറഞ്ഞു. ഫോര്‍ട്ട് ആസുപത്രിയില്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കൊവിഡ് വ്യാപനത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം രോഗവ്യാപനം വര്‍ദ്ധിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും പറഞ്ഞു.

ഇതിനിടെ രാജ്യത്ത് മൂന്നാം ഘട്ട കെവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. 45 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന്‍ ലഭിക്കുക. സംസ്ഥാനത്ത് മൂന്നാം ഘട്ട വാക്‌സിനേഷന്റെ ആദ്യ ദിനത്തില്‍ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നു. തിരഞ്ഞെടുക്കപ്പെട്ട പൊതു, സ്വകാര്യ ആശുപത്രികളിലാണ് വാക്സിന്‍ വിതരണം നടക്കുന്നത്. സംസ്ഥാനത്ത് 1492 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

വാക്സിന്‍ സ്വീകരിച്ചതില്‍ 21 ലക്ഷം പേരില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. അതേസമയം സംസ്ഥാനത്ത് നിലവില്‍ 38 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം വന്നു പോയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏത്രയും വേഗത്തില്‍ വാക്സിന്‍ സ്വീകരിച്ച് സുരക്ഷിതരാകാനാണ് സര്‍ക്കാര്‍ നിര്‍ദേശം. വാക്സിന്‍ സ്വീകരിക്കുന്നതിനായി കൊവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യസേതു ആപ് വഴിയോ വാക്സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

അതേസമയം ഏപ്രില്‍ മാസത്തില്‍ എല്ലാ ദിവസവും വാക്സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പൊതു, സ്വകാര്യ വാക്സിനേഷന്‍ കന്ദ്രങ്ങള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നിലവില്‍ അവധി ദിവസങ്ങളില്‍ വാക്സിന്‍ നല്‍കുന്നില്ലായിരുന്നു. രാജ്യത്ത് വാക്സനേഷന്‍ പദ്ധതി മൂന്നാം ഘട്ടം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം എത്തിയിരിക്കുന്നത്.

ഈ മാസം എല്ലാം ദിവസങ്ങളിലും കൊവിഡ്-19 വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസത്തിലെ ഗസറ്റഡ് അവധി ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. മാര്‍ച്ച് 31ന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനം സ്വീകരിച്ചത്. പൊതു,സ്വകാര്യ കോവിഡ് 19 വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button