ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. റുമാനിയന്‍ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍നിന്നാണ് 29 മലയാളികള്‍ ഉള്‍പ്പെടെ 251 പേരുമായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പറന്നുയര്‍ന്നത്. ഡല്‍ഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേര്‍ന്ന് സ്വീകരിച്ചു.
നേരത്തെ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികള്‍ ഉള്‍പ്പെടെ 219 മുംബൈയിലെത്തിയത്. യുക്രൈനില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും തേടുകയാണ്.
യുക്രെയ്‌നില്‍നിന്നുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുകയാണ്. യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുമായി ഓപ്പറേഷന്‍ ഗംഗയുടെ മൂന്നാമത്തെ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഹംഗറിയിലെ ബുഡാപെസ്റ്റില്‍നിന്നാണ് 240 ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയിലേക്ക് തിരിച്ചത്. നേരത്തെ ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 470 പൗരന്മാരെ യുക്രെയ്‌നില്‍നിന്ന് രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. 219 പേരെ മുംബൈയിലും 251 പേരെ ഡല്‍ഹിയിലുമാണ് എത്തിച്ചത്.
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. സാഹച്യം അനുസരിച്ചുള്ള നടപടി സ്വീകരിക്കും. ആശങ്കപ്പെടേണ്ട ഒരു ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന മലയാളി കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നില്‍നിന്നും ഡല്‍ഹിയിലെത്തിയ സംഘത്തെ സ്വീകരിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈയ്‌നിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ളവരെയാണ് ഇന്ന് മടക്കിയെത്തിച്ചത്. ഇവര്‍ വലിയ പ്രതിന്ധികള്‍ നേരിട്ടില്ലെന്ന് പറഞ്ഞതായും മുരളീധരന്‍ വിശദീകരിച്ചു.