മുംബൈ: സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് സംബന്ധിച്ച് ഉപദേശം നല്‍കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരെ നിരീക്ഷിക്കാന്‍ സെബി. സെക്യൂരിറ്റി എക്സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ഉടന്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക ഉപദേശങ്ങളും സ്റ്റോക്ക് മാര്‍ക്കറ്റ് ടിപ്പുകളും നല്‍കുന്നവര്‍ സെബിയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നാണ് സെബി അംഗം എസ്.കെ മൊഹന്തി പറഞ്ഞത്. സെബിയുടെ സാമ്പത്തിക ഉപദേഷ്ടക്കള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശത്തില്‍ തന്നെയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരും ഉള്‍പ്പെടുക എന്നാണ് വിവരം.
ഇത്തരക്കാര്‍ ഇനി സെബിയില്‍ റജിസ്ട്രര്‍ ചെയ്യേണ്ടി വരും. മാത്രമല്ല സെബി നിര്‍ദേശങ്ങള്‍ പാലിച്ച് വേണം ഭാവിയില്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സെബിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഓഹരി വിപണി സംബന്ധിച്ചും, സാമ്പത്തിക കാര്യം സംബന്ധിച്ചും ഉപദേശം നല്‍കുന്ന നിരവധിപ്പേര്‍ യൂട്യൂബ് ചാനലും മറ്റും നടത്തുന്നു എന്ന കാര്യം ശ്രദ്ധയില്‍ പെട്ടാണ് സെബി നീക്കം.
നിക്ഷേപകരുടെ സമ്പത്തിനെ ബാധിച്ചേക്കാവുന്ന ഇത്തരം ഉപദേശങ്ങൾ തടയാൻ ഒരു സംവിധാനം സ്ഥാപിക്കാനാണ് സെബി ലക്ഷ്യമിടുന്നത്. ഓഹരി വിപണി സംബന്ധിച്ച നിരവധി ആപ്പുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനാല്‍ തന്നെ വലിയ തോതില്‍ അതുവഴി ഇടപാടും നടക്കുന്നു. അവയെ സ്വദീനിക്കുന്ന സോഷ്യല്‍മീഡിയ ഇന്‍ഫ്യൂന്‍സര്‍മാരെ നിയന്ത്രണത്തിലാക്കുക എന്നതാണ് സെബി ലക്ഷ്യമിടുന്നത്.
#NewsAlert | @SEBI_India is working on guidelines to regulate financial influencers; guidelines to govern growing base of financial influencers, according to sources@ankurmishrasays has more details pic.twitter.com/grfvV8TIG9
— ET NOW (@ETNOWlive) November 17, 2022
നേരത്തെ, അനധികൃതമായ ഓഹരി വില്‍പ്പന ഉപദേശം നല്‍കുന്ന സ്ഥാപനങ്ങൾ നിക്ഷേപകരുമായി വ്യാപാര ഉപദേശങ്ങൾ പങ്കിടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളും ടെലിഗ്രാം ചാനലുകളും സെബി തടഞ്ഞിരുന്നു.